തിരുവനന്തപുരം: കുസാറ്റിലെ വിവാദ നിയമനത്തിന് പിന്നാലെ മാര്‍ക്കിലും അട്ടിമറി. എംജി സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക ഡോ. കെ. ഉഷയ്ക്ക് കുസാറ്റിലെ പ്രൊഫസര്‍ നിയമനത്തില്‍ ഒന്നാം റാങ്ക് ലഭിക്കാന്‍ അഭിമുഖത്തിലെ മാര്‍ക്കും അട്ടിമറിച്ചെന്ന് ആരോപണം.
കൂടുതല്‍ അക്കാഡമി യോഗ്യതയുള്ളവരെ പിന്തള്ളി ഉഷയ്ക്ക് ഇരുപതില്‍ 19 മാര്‍ക്ക് നല്‍കിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ആരോപിച്ചു. ഭര്‍ത്താവും എംജി സര്‍വകലാശാല പിവിസിയുമായ ഡോ. സിടി അരവിന്ദ് കുമാറുമായി യോജിച്ച് പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും വിലയിരുത്തി നിശ്ചയിച്ചിട്ടുള്ള പരമാവധി മാര്‍ക്കും ഉഷയ്ക്ക് നേടാനായി.
പരമാവധി 14 മാര്‍ക്ക് മാത്രമേ അഭിമുഖത്തിന് നല്‍കാവൂ എന്നാണ് പിഎസ്സി വ്യവസ്ഥ. എല്ലാ സര്‍വകലാശാലകളും പിന്തുടരുന്നത് പിഎസ്സി മാതൃകയാണ്. അങ്ങനെയുള്ളപ്പോഴാണ് ഉഷയ്ക്ക് 19 മാര്‍ക്ക് നല്‍കിയത്. കൂടുതല്‍ അക്കാഡമിക യോഗ്യതയുള്ള ഡോ. സോണി സി. ജോര്‍ജിന് അഭിമുഖത്തില്‍ അഞ്ച് മാര്‍ക്ക് മാത്രമാണ് നല്‍കിയത്.
കുസാറ്റിലെ തന്നെ പരിസ്ഥിതി പഠന വകുപ്പില്‍ 21 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രൊഫസര്‍ ഡോ.വി ശിവാനന്ദന്‍ ആചാരിയും പിന്തള്ളപ്പെട്ടു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ ലഭിച്ച രേഖകളിലാണ് മാര്‍ക്ക് അട്ടിമറി വ്യകതമായതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. എസ്. ശശികുമാര്‍ പറഞ്ഞു.