സിസ തോമസിന്റെ നിയമനം; ഹര്‍ജി തള്ളിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

സിസ തോമസിന്റെ നിയമനം; ഹര്‍ജി തള്ളിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിനു നല്‍കിയതിനെതിരെ സര്‍ക്കാര്‍ വീണ്ടും കോടതിയില്‍. ഗവര്‍ണറുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

നേരത്തെ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് വിസിയാകാന്‍ സിസ തോമസിന് യോഗ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ചെറിയ കാലയളവിലേക്കാണ് സിസ തോമസിന്റെ നിയമനമെന്നും അതു വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു കോടതിയുടെ പ്രതികരണം. സര്‍വകലാശാലയില്‍ സ്ഥിരം വിസി നിയമനം ഉടന്‍ നടത്താനും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. 

ചാന്‍സലറുടെ നടപടിയില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വിസിയായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരും നിര്‍ദിഷ്ട യോഗ്യത ഉള്ളവര്‍ ആയിരുന്നില്ല. മറ്റു വിസിമാരെ നിയോഗിക്കാതിരുന്ന നടപടിയും തെറ്റെന്നു കരുതാനാകില്ലെന്നു കോടതി പറഞ്ഞു.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമാണെന്നു കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ചാന്‍സലര്‍ യുജിസി ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കേണ്ടയാളാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതാണെന്നു കോടതി പറഞ്ഞു.

വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു താല്‍ക്കാലിക ചുമതല നല്‍കി ഗവര്‍ണര്‍ ഉത്തരവിട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.