പാരിസ് : രണ്ടാം ലോക മഹായുദ്ധത്തിൽ നാസികൾ ജൂതന്മാരോട് പെരുമാറിയതുപോലെയാണ് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ മുസ്ലീങ്ങളോട് പെരുമാറുന്നതെന്ന് പാകിസ്ഥാൻ മന്ത്രി നടത്തിയ പരാമർശം പിൻവലിച്ചു.പാക്കിസ്ഥാന്റെ മനുഷ്യാവകാശ മന്ത്രി ഷിരീൻ മസാരി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പിൻവലിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മുഹമ്മദ് നബിയുടെ ചിത്രങ്ങൾ ഒരു ഫ്രഞ്ച് മാഗസിൻ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പാകിസ്ഥാനും ഫ്രാൻസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് അവർ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
ഫ്രാൻസിൽ മുസ്ലീം തീവ്രവാദികളെ അടിച്ചമർത്തുവാൻ മാക്രോൺ എടുത്ത നടപടികൾ മുസ്ലീം ലോകത്ത്, പ്രത്യേകിച്ച് പാകിസ്ഥാനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. “നാസികൾ ജൂതന്മാരോട് ചെയ്തതു പോലെ മാക്രോൺ മുസ്ലീങ്ങളോട് ചെയ്യുന്നു - തിരിച്ചറിയാൻ യഹൂദന്മാർ വസ്ത്രത്തിൽ മഞ്ഞ നക്ഷത്രം ധരിക്കാൻ നിർബന്ധിതരായതുപോലെ മുസ്ലീം കുട്ടികൾക്ക് ഐഡി നമ്പറുകൾ ലഭിക്കും (മറ്റ് കുട്ടികൾക്കിത് വേണ്ട )” മസാരി ഒരു ട്വീറ്റിൽ പറഞ്ഞു.
ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച വൈകിട്ട് മസാരിയുടെ ട്വീറ്റിനെ അപലപിച്ചതിനെത്തുടർന്ന് ഞായറാഴ്ച പോസ്റ്റ് ചെയ്ത ഫോളോ-അപ്പ് ട്വീറ്റിൽ മസാരി തന്റെ അവകാശവാദം ഇരട്ടിയാക്കി. പക്ഷെ ഫ്രാൻസിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഞായറാഴ്ച മസാരി ട്വീറ്റ് പിൻവലിച്ചതായി അറിയിച്ചു .
ഫ്രാൻസിലുള്ള പാകിസ്ഥാൻ പ്രതിനിധിയെ തിരിച്ചുവിളിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് പാകിസ്ഥാൻ പാർലമെന്റ് ഒക്ടോബറിൽ പ്രമേയം പാസ്സാക്കി . രണ്ടു രാജ്യങ്ങൾക്കിടയിൽ വർധിച്ചു വരുന്ന സംഘർഷങ്ങൾ പാകിസ്ഥാൻ സൈനിക നവീകരണത്തെ പോലും ബാധിച്ചു തുടങ്ങി .