അഡിസ് അബാബ : എത്യോപ്യയുടെ വടക്കൻ മേഖലയിലെ രണ്ട് ഫെഡറൽ മിലിട്ടറി ക്യാമ്പുകളെ ആക്രമിച്ചതായും സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതായും ആരോപിച്ചുകൊണ്ട് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് നവംബർ 4 ന് ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിനെതിരെ (ടിപിഎൽഎഫ്) ഒരു സൈനിക കാമ്പയിൻ ആരംഭിച്ചു. ടിഗ്രേയൻ തലസ്ഥാനവും ടിപിഎൽഎഫിന്റെ ആസ്ഥാനവുമായ മേകെലെയിൽ നിന്ന് 60 കിലോമീറ്റർ (37 മൈൽ) അകലെ എത്യോപ്യൻ ഫെഡറൽ സൈന്യം എത്തിയെന്ന് പറയുന്നു.
അരലക്ഷം ജനങ്ങളുള്ള ടിഗ്രേ നഗരത്തിന് നേരെ ബോംബാക്രമണം നടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് സൈന്യം. കഴിഞ്ഞ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ അബി മുഹമ്മദ് ഞായറാഴ്ച ടിപിഎൽഎഫിനോട് മൂന്ന് ദിവസത്തിനുള്ളിൽ സമാധാനപരമായി കീഴടങ്ങാൻ ആഹ്വാനം ചെയ്തു, എന്നാൽ ടിഗ്രേയിൻ സേനയിൽ നിന്നും എത്യോപ്യൻ ഫെഡറൽ സൈന്യം നേരിട്ട തിരിച്ചടികൾ പരിഹരിക്കാനാണ് അബി ശ്രമിക്കുന്നതെന്നും ഭീഷണിഉയർത്തുന്നത് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടിയാണെന്നും ടിപിഎൽഎഫ് നേതാവ് ഡെബ്രെഷൻ ജെബ്രെമൈക്കൽ പറഞ്ഞു. “ഞങ്ങൾ ആരാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല. ഞങ്ങൾ തത്ത്വമുള്ളവരാണ്, ഞങ്ങളുടെ പ്രദേശം ഭരിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ പ്രതിരോധിക്കുവാൻ വേണ്ടി മരിക്കാൻ തയ്യാറാണ്,” ഡെബ്രെഷൻ തിങ്കളാഴ്ച പറഞ്ഞു. മേഖലയിലെ ആശയവിനിമയ സൗകര്യങ്ങൾ വിശ്ചേദിച്ചിരിക്കുന്നതിനാൽ ഇരുവശത്തുനിന്നുമുള്ള അവകാശവാദങ്ങളുടെ നിജസ്ഥിതികൾ പരിശോധിക്കുന്നത് പ്രയാസകരമാക്കി.