ന്യൂസിലാൻഡ് പാർലമെന്റിൽ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ

ന്യൂസിലാൻഡ് പാർലമെന്റിൽ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ

വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് പാർലമെന്റിൽ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യൻ വംശജൻ. ഹിമാചൽ പ്രദേശിലെ ഹിമർപുർ വംശജനായ ഡോ ഗൗരവ് ശർമയാണ് ന്യൂസിലാൻഡ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചത്. ഹാമിൽടൺ വെസ്റ്റിൽ നിന്നും ലേബർ പാർട്ടി സ്ഥാനാർത്ഥിയായാണ് അദ്ദേഹം വിജയിച്ചത്. ന്യൂസിലാൻഡ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 33 വയസുകാരനായ ഇദ്ദേഹം പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. ന്യൂസിലാൻഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലാണ് അദ്ദേഹം ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

പിന്നീട് ക്ലാസിക്കൽ ഭാഷയായ സംസ്‌കൃതത്തിലും സത്യപ്രതിജ്ഞ ചൊല്ലി. ഇന്ത്യയിലേയും ന്യൂസിലാൻഡിലേയും സംസ്‌കാരങ്ങളോടുള്ള അതീവ ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ന്യൂസിലാൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുക്തേഷ് പർദേശി വ്യക്തമാക്കി. 1966 മുതൽ ന്യൂസിലാൻഡിലെ സ്ഥിര താമസക്കാരാണ് ഗൗരവിന്റെ കുടുംബം. നാഷണൽ പാർട്ടി സ്ഥാനാർത്ഥി ടി മകിൻഡോയെ പരാജയപ്പെടുത്തിയാണ് ഗൗരവ് പാർലമെന്റിലെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.