ലോകത്താകമാനം എല്ലാ വർഷവും എയ്ഡ്സ് മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി എന്നാണ് എയ്ഡ്സ് രോഗത്തെ വിശേഷിപ്പിക്കുന്നത്. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവ എച്ച് ഐ വി എന്ന വൈറസിന്റെ സാന്നിദ്ധ്യമാണ് ഈ രോഗത്തിന് കാരണമാകുന്നത്. എച്ച് ഐ വി വൈറസ് ശരീരത്തിൽ പ്രവേശിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. ഇതോടെ ശരീരം നിരവധി അണുബാധകള്‍ക്ക് വിധേയമാകുന്നു. ഈ അവസ്ഥയാണ് അക്വയഡ് ഇമ്മ്യൂണോ ഡിഫിഷ്യൻസി സിൻഡ്രം അഥവാ എയ്ഡ്സ്.
റിട്രോ വൈറസ് വർഗ്ഗത്തിൽ പെട്ട അണുബാധയാണ് ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് (ഹ്യൂമൻ ഇമ്മ്യുണോ ഡെഫിസിൻസി വൈറസ്) എന്ന എച്ച്ഐവി. എയ്ഡസ് രോഗബാധയുടെ ലക്ഷണങ്ങൾ അതിന്റെ ഓരോ ഘട്ടങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എച്ച്ഐവി ബാധ ക്രമേണ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ആ വ്യക്തി പലവിധ രോഗങ്ങൾക്കു അടിമയാവുകയും ചെയുന്നു. എയ്ഡ്സ് പൂര്‍ണമായും സുഖപ്പെടുത്താവുന്ന ഒരു രോഗമല്ല. എന്നാൽ ഫലപ്രദമായ ചികിത്സയിലൂടെ വൈറസിനെ നിയന്ത്രിക്കുവാന്‍ സാധിക്കും. ആന്റി റെട്രോവിയൽ തെറാപ്പി (എആര്‍ടി) ആണ് വൈറസ് ബാധയുടെ ചികിത്സ.
കോവിഡ് 19 മഹാമാരി മനുഷ്യന്റെ ജീവിതവും ആരോഗ്യവും മാറ്റിമറിച്ച കാലമായിരുന്നു 2020. അസമത്വം ,മനുഷ്യാവകാശം, ലിംഗസമത്വം, സാമൂഹിക സംരക്ഷണം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മറ്റ് നിര്‍ണായക വിഷയങ്ങളുമായി ആരോഗ്യം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോവിഡ് 19 നമ്മെ കാണിച്ചുതന്നു. ഇത് കണക്കിലെടുത്ത്, ഈ വര്‍ഷം ലോക എയ്ഡ്‌സ് ദിനത്തിന്റെ സന്ദേശം 'ഗ്ലോബൽ സോളിഡാരിറ്റി , ഷേയേർഡ് റെസ്പോണ്സിബിലിറ്റി' (ആഗോള ഐക്യദാര്‍ഢ്യം, പങ്കിട്ട ഉത്തരവാദിത്തം) എന്നതാണ്. എച്ച്.ഐ.വി ബാധിതരോടുള്ള വിവേചനവും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്.