ഒമാൻ: ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഏഴാം ഘട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. ഡിസംബര്‍ ഒന്ന് മുതല്‍ തീരുമാനം പ്രാബല്ല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. സിനിമാ ശാലകളും പാര്‍ക്കുകളും പൊതുസ്ഥലങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ എട്ടുമാസമായി അടഞ്ഞു കിടന്നിരുന്ന പാര്‍ക്കുകളും സിനിമാ ശാലകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു കൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഇന്ന് ഉത്തരവ് പുറത്തിറക്കി. സിനിമാ ശാലകളില്‍ 50 ശതമാനം പ്രേക്ഷകര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശിക്കുവാനും അനുവാദം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ മ്യുസിയങ്ങള്‍ അടക്കം എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. എക്സിബിഷന്‍-കോണ്‍ഫറന്‍സ്, ഹെല്‍ത്ത് ക്ലബ്, കിൻഡർഗാർഡൻ, നഴ്സറികള്‍ എന്നിവക്കും പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്. കല്യാണ മണ്ഡപങ്ങളില്‍ 50 പേര്‍ക്കു മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളു.