അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ന് 49 ആം ദേശീയ ദിനം ആഘോഷിക്കുന്നു. ദേശീയദിനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ ഭരണാധികാരികള്‍ പൗരന്മാർക്ക് ആശംസ നേർന്നു. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് അധികൃതർ നേരത്തെ തന്നെ മാർഗ നിർദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
രാജ്യം പ്രതീക്ഷയോടെയാണ് ഭാവിയെ നോക്കികാണുന്നതെന്ന് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ പറഞ്ഞു. യുഎഇ സുവർണ ജൂബിലിയിലേക്ക് കടക്കുന്ന 2021 ല്‍ അടുത്ത അമ്പത് വർഷത്തേക്കുളള വികസനവും പദ്ധതികളുമാണ് മുന്നില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ദിനം യുഎഇയുടെ ഏറ്റവും മഹത്തായ ദിനങ്ങളിലൊന്നായി തന്നെ എന്നും നിലനില്‍ക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. രാജ്യത്തിന്‍റെ ഓരോ നേട്ടവും പൗരന്മാരുടെ ത്യാഗത്തിന്‍റെയും അർപ്പണബോധത്തിന്‍റേയും പ്രതിഫലനമാണ്. ഇനിയുളള വർഷങ്ങളിലും അതാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഡിസംബർ രണ്ടും അഭിമാനത്തോടെയാണ് കടന്നുപോകുന്നതെന്നായിരുന്നു അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ പ്രതികരണം.