സ്റ്റോക്ക്ഹോം : സ്വീഡനിലെ തെക്കൻ സ്റ്റോക്ക്ഹോം നഗരപ്രാന്തത്തിലെ അപ്പാർട്ട്മെന്റിൽ ഒരു സ്ത്രീ വളരെക്കാലമായി തന്റെ മകനെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് സ്റ്റോക്ക്ഹോം പോലീസ് വക്താവ് ഓല ഓസ്റ്റർലിംഗ് പറഞ്ഞു. ഇപ്പോൾ 41 വയസുള്ള മകനെ വർഷങ്ങളായി കണ്ടിട്ടില്ലെന്ന് അയൽക്കാർ പറഞ്ഞു.
തൊട്ടടുത്ത കെട്ടിടത്തിൽ താമസിക്കുന്ന 24 കാരിയായ ടോവ് ബോമാൻ, താൻ അമ്മയെ മാത്രമേ കണ്ടിട്ടുള്ളൂവെന്ന് വാർത്താലേഖകരോട് പറഞ്ഞു. മകന് പന്ത്രണ്ടു വയസ്സുള്ളപ്പോൾ അമ്മ മകനെ സ്കൂളിൽ വിടുന്നത് നിർത്തലാക്കി . അതിനുശേഷം അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
പേര് വെളിപ്പെടുത്തുവാൻ തയ്യാറല്ലാത്ത ഒരു ബന്ധു യാദൃച്ഛികമായിട്ടാണ് ഞായറാഴ്ച തടവിൽ കിടക്കുന്ന ആളെ കണ്ടെത്തിയത്. ഇയാൾക്ക് കാലിൽ വ്രണം ബാധിച്ചിരുന്നു, നടക്കാൻ കഴിയുമായിരുന്നില്ല, പല്ലുകളുമില്ലായിരുന്നു. പോലീസ് ഇത്തരം വിശദാംശങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല. ആ മനുഷ്യൻ ആശുപത്രിയിലാണ്. അദ്ദേഹത്തിന്റെ പരിക്കുകൾ ജീവന് ഭീഷണിയല്ല എന്ന് പോലീസ് അറിയിച്ചു. അമ്മയായ സ്ത്രീ തന്റെ മകനെ അന്യായമായി തടങ്കലിൽ വയ്ക്കുകയും ശാരീരിക ഉപദ്രവം ഉണ്ടാക്കുകയും ചെയ്തു എന്ന് കരുതുന്നു. എന്നാൽ സ്ത്രീ ആരോപണം നിഷേധിക്കുന്നു.
3 വയസ്സുള്ളപ്പോൾ ആദ്യജാതനായ മകനെ നഷ്ടപ്പെട്ടതിനെ തുടർന്ന് അമ്മ രണ്ടാമത്തെ മകനെ അമിതമായി സംരക്ഷിക്കുക ആവാം ചെയ്തത് . പുറത്തുള്ള എല്ലാവരും അവരെ ഉപദ്രവിക്കുമെന്നും മകനെ സംരക്ഷിക്കാൻ തനിക്കു മാത്രമേ കഴിയൂ എന്നും അമ്മ കുട്ടിയെ ബോധ്യപ്പെടുത്തിയെന്നും അവരുടെ ബന്ധു പറഞ്ഞു. പലതവണ സാമൂഹ്യ സുരക്ഷാ വകുപ്പിനെ ഈ കാര്യം ചൂണ്ടിക്കാട്ടി പരാതി ധരിപ്പിച്ചു എങ്കിലും കുറ്റകരമായ ഒന്നും തന്നെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഇതിൽ അവർ ഇടപെട്ടിരുന്നില്ല.
ചാരയും മഞ്ഞയും നിറത്തിലുള്ള കെട്ടിടത്തിലെ അപ്പാർട്ട്മെന്റ് വർഷങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്ന് തോന്നിക്കുന്നതായിരുന്നു. വീടിലെ ഇടനാഴികൾ മാലിന്യ കൂമ്പാരമായിരുന്നു. മൂത്രവും അഴുക്കുംപൊടിയും നിറഞ്ഞതായിരുന്നു മുറികൾ.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയുവാൻ വരും ദിവസങ്ങളിൽ ഇയാളെയും അമ്മയെയും പോലീസ് ചോദ്യം ചെയ്യും. ഇയാളെ ഇത്രയും കാലം എങ്ങനെ ഒരാളെ ഒളിപ്പിച്ചിരുത്താം അയല്പക്കത്തുള്ളവർ വിസ്മയിക്കുന്നു. പലപ്പോഴും അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടെന്നും അയൽ വീട്ടുകാർ പറഞ്ഞു.
30 വർഷത്തിലേറെയായി അവരുടെ ജനലുകൾ തുറന്നിട്ടില്ല എന്ന് മറ്റൊരു അയല്‍ക്കാരി അറിയിച്ചു . വിദ്യാഭ്യാസ വകുപ്പും , സാമൂഹ്യ സുരക്ഷാ വകുപ്പുകളും , സന്നദ്ധ സംഘടനകളും ആരും ഇവരെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല എന്നത് അത്ഭുതാവഹം തന്നെ . വരും ദിവസങ്ങളിൽ ഇതിനുള്ള ഉത്തരം ലഭിക്കും എന്ന് കരുതാം .