വത്തിക്കാന്‍ സിറ്റി: സഭാംഗങ്ങളുടെ തെറ്റുകളാല്‍ ദുരുപയോഗത്തിന് ഇരയായവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മാര്‍ച്ചിലെ പ്രാര്‍ത്ഥനാ നിയോഗത്തിലാണ് മാര്‍പാപ്പയുടെ ആഹ്വാനം. സഭ ഒരു സംരക്ഷണത്തിന്റെ മാതൃകയായി പ്രവര്‍ത്തിക്കണമെന്നും ഇരകള്‍ക്ക് സുരക്ഷിതമായ ഇടങ്ങള്‍ ഒരുക്കി നല്‍കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.
'സഭാംഗങ്ങള്‍ ചെയ്ത തെറ്റുകള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം. അവരുടെ വേദനകള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമുള്ള മൂര്‍ത്തമായ പ്രത്യുത്തരം അവര്‍ക്ക് സഭയ്ക്കുള്ളില്‍നിന്നു തന്നെ കണ്ടെത്താന്‍ കഴിയട്ടെ' - പാപ്പാ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ദുരുപയോഗിക്കപ്പെടുന്ന സംഭവങ്ങളില്‍ ഇരകളോട് മാപ്പ് ചോദിച്ചാല്‍ മാത്രം പോരെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ എവിടെ നടന്നാലും സഭയ്ക്ക് അത് മറച്ചുവെക്കാനാവില്ല. സമൂഹത്തിലും കുടുംബങ്ങളിലുമുണ്ടാകുന്ന ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണത്തില്‍ സഭ മാതൃകയായി പ്രവര്‍ത്തിക്കണം. ഇത്തരം പ്രതികരണത്തിന്റെ ഭാഗമായി ഇരകളെ കേള്‍ക്കാനും മനഃശാസ്ത്രപരമായി പിന്തുണയ്ക്കാനും സംരക്ഷിക്കാനുമുള്ള സുരക്ഷിത ഇടങ്ങള്‍ സഭ ഒരുക്കി നല്‍കണം.
ഇരകള്‍ അനുഭവിച്ച ക്രൂരതകളുടെ മുറിവുണക്കാനും അവ വീണ്ടും സംഭവിക്കുന്നത് തടയാനും കൃത്യമായ നടപടികള്‍ സ്വീകരിച്ചാല്‍ അവരുടെ വേദനയും മാനസികമായുണ്ടായ മുറിവുകളും ഉണങ്ങാന്‍ തുടങ്ങും. അതിനാല്‍ സഭാസമൂഹത്തിലെ അംഗങ്ങളുടെ തെറ്റായ പ്രവര്‍ത്തികള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്കായി ഈ മാസത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാം - പാപ്പ ആഹ്വാനം ചെയ്തു.
മാര്‍പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്ക്) സംപ്രേക്ഷണം ചെയ്യുന്ന പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗ സന്ദേശത്തില്‍ ഓരോ മാസവും വിവിധ പ്രാര്‍ത്ഥനാ വിഷയങ്ങളാണ് പാപ്പ തെരഞ്ഞെടുത്തു നല്‍കുന്നത്.
മാർപാപ്പയുടെ ഇതുവരെയുള്ള പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക