വാഷിങ്ടന്‍: ചൈനയ്‌ക്കെതിരെ അതി ശക്തമായ വിമര്‍ശനവുമായി യുഎസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഗോള ഭീഷണിയാണു ചൈനയെന്നും ഇന്ന് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും വെല്ലുവിളിയും ചൈനയാണന്നും ജോണ്‍ റാറ്റ്ക്ലിഫ് പറഞ്ഞു.
ലോകത്തിന്റെ അധീശത്വം നേടുകയെന്നതാണ് അവരുടെ ലക്ഷ്യം. അതിനായി യുഎസിനെ ലക്ഷ്യമിടുന്നു. സഹകരിക്കുക എന്നതിനേക്കാള്‍ മറ്റുരാജ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു ചൈനീസ് കമ്പനി മറ്റു രാജ്യങ്ങളുമായി സഹകരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് നയങ്ങളും സൈനിക നയങ്ങളും രഹസ്യാന്വേഷണ സംവിധാനവും അപകടരമായി കോര്‍ത്തിണക്കിയാകും പ്രവര്‍ത്തിക്കുക. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളെ സൈനികമായും സാമ്പത്തികമായും സാങ്കേതികമായും വരുതിയില്‍ നിര്‍ത്താനാണ് ചൈനയുടെ ശ്രമം. യുഎസിനെ മറികടന്നു ലോകത്തെ ഏറ്റവും വലിയ ശക്തിയാകാനാണ് ചൈനയുടെ ശ്രമം. യുഎസ് ഭരണാധികാരികള്‍ ഇനിയെങ്കിലും ഈ സത്യം പരസ്യമായി അംഗീകരിക്കാന്‍ തയാറാകണം.
ചൈന ലോകത്തിനുതന്നെ ഭീഷണിയാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്നും വാള്‍ സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ ജോണ്‍ റാറ്റ്ക്ലിഫ് പറയുന്നു. മറ്റുരാജ്യങ്ങളുടെ മേല്‍ എല്ലായ്‌പ്പോഴും ചൈനീസ് ചാരക്കണ്ണുകള്‍ ഉണ്ട്. ചൈനയോടുള്ള സംസ്‌കാരിക നയം എന്ന കാഴ്ചപ്പാട് മാറണം. ബെയ്ജിങ്ങിന്റെ കടന്നുകയറ്റം ഇല്ലാതാക്കാനുള്ള സമഗ്രമായ നയത്തിനാണ് യുഎസ് രൂപം കൊടുക്കേണ്ടത്. യുഎസ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ചൈനീസ് ശക്തികള്‍ ശ്രമിക്കുന്നതായും റാറ്റ്ക്ലിഫ് കുറ്റപ്പെടുത്തി.