യു എസ് സേനാപിന്മാറ്റം : തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സോമാലിയൻ നേതാക്കൾ

യു  എസ്  സേനാപിന്മാറ്റം : തീരുമാനം  പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട്  സോമാലിയൻ നേതാക്കൾ

അഡിസ് അബാബ : യുഎസ് സൈനികരെ സൊമാലിയയിൽ നിന്ന് പിൻവലിക്കാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സൊമാലിയയിൽ പരിഭ്രാന്തി സൃഷ്ടിച്ചു, തീരുമാനം തിരുത്താൻ അടുത്ത പ്രസിഡണ്ടായി വരുന്ന ജോ ബൈഡനോട് സോമാലിയൻ നേതാക്കൾ അഭ്യർത്ഥിച്ചു.


ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ അൽ-ഷബാബിനും അവരുടെ ആഗോള തീവ്രവാദ ശൃംഖലയ്ക്കുമെതിരായ പോരാട്ടത്തിന്റെ ഈ നിർണായക ഘട്ടത്തിൽ സൈനികരെ സോമാലിയയിൽ നിന്ന് പിൻവലിക്കാനുള്ള യുഎസ് തീരുമാനം അങ്ങേയറ്റം ഖേദകരമാണെന്ന് സോമാലിയൻ സെനറ്റർ അയ്യൂബ് ഇസ്മായിൽ യൂസഫ് പറഞ്ഞു. യു.എസ്. സൈനികർ സൊമാലിയൻ സൈനികരുടെ പരിശീലനത്തിലും പ്രവർത്തനത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡണ്ട് ട്രംപ് എടുത്ത തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്ന ട്വീറ്റിൽ ജോ ബൈഡനെ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. ജനുവരി 15 നകം ഏകദേശം 700 യുഎസ് സൈനികരെ പിൻവലിക്കാനുള്ള തീരുമാനത്തിൽ സോമാലിയൻ സർക്കാരിന്റെ അഭിപ്രായം ഇതുവരെ അറിയിച്ചിട്ടില്ല. സൊമാലിയയിൽ ഈ മാസം പാർലമെന്റ് തിരഞ്ഞെടുപ്പും ഫെബ്രുവരി ആദ്യം ദേശീയ തിരഞ്ഞെടുപ്പും നടത്തപ്പെടും.


അൽ ഷബാബിനെതിരായ പ്രവർത്തനങ്ങളിൽ ദനാബ് എന്നറിയപ്പെടുന്ന സോമാലിയൻ പ്രത്യേക സേനയെ യുഎസ് സൈനികർ പിന്തുണയ്ക്കുന്നു, പിൻവലിക്കൽ ശാശ്വതമാണെങ്കിൽ തീവ്രവാദ വിരുദ്ധ ശ്രമങ്ങൾക്ക് ഇത് വലിയ തോതിൽ നാശമുണ്ടാക്കുമെന്ന് 2019 വരെ മൂന്ന് വർഷം ദനാബ് കമാൻഡറായി സേവനമനുഷ്ഠിച്ച കേണൽ അഹമ്മദ് അബ്ദുല്ലഹി ഷെയ്ക്ക് പറഞ്ഞു.  യുഎസും സൊമാലിയൻ സേനയും പിൻവലിക്കലിനെ എതിർത്തു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദനാബിനെ (സോമാലിയൻ പ്രത്യേക സേന) വികസിപ്പിക്കാനുള്ള യുഎസ് പരിപാടി 2027 വരെ തുടരുമെനന്നായിരുന്നു മുൻ ധാരണ, എന്നാൽ അതിന്റെ ഭാവി എന്തെന്ന് ഇപ്പോൾ വ്യക്തമല്ല. അമേരിക്കൻ സേന കെനിയയിലെയും ജിബൂട്ടിയിലെയും താവളങ്ങളിൽ നിന്ന് വ്യോമാക്രമണം തുടരും എന്ന് കരുതുന്നു.

യുഎസ് സേനയുടെ പിൻ‌വലിക്കൽ വളരെ പ്രക്ഷുബ്ധമായ സമയത്താണ് പ്രഖ്യാപിക്കപ്പെട്ടത് . സൊമാലിയയിലെ  സമാധാന സേനയുടെ പ്രധാന ഭാഗമായിരുന്ന എത്യോപ്യ, കഴിഞ്ഞ മാസം ഉണ്ടായ ആഭ്യന്തര സംഘർഷത്തിന്റെ ഫലമായി ഭാഗികമായി സേനകളെ പിൻവലിക്കേണ്ടതായി വന്നു. ഇത് സമാധാന സേനയ്ക്ക് വൻ തിരിച്ചടിയാണ് നൽകിയത്.

1991 മുതൽ ഉള്ള ആഭ്യന്തരയുദ്ധം സൊമാലിയയെ തകർത്തെറിഞ്ഞു. എന്നാൽ 2008 ൽ സമാധാന സേനയുടെ പ്രവേശനം സൈന്യത്തെ ക്രമാനുഗതമായി പരിഷ്കരിക്കാൻ സഹായിച്ചു. എന്നാൽ അഴിമതിയും രാഷ്ട്രീയ ഇടപെടലും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ സൊമാലിയൻ സൈന്യത്തിൽ ഇപ്പോഴും സജീവമായി നിലനിൽക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.