ചലച്ചിത്ര മേളയുമായി ലോകാരോഗ്യ സംഘടന

ചലച്ചിത്ര മേളയുമായി ലോകാരോഗ്യ സംഘടന

 പൊതു ജനങ്ങളിൽ അവബോധം വളർത്തുന്നതിനും അവരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിവരങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാനുതകുന്നതിനും സഹായിക്കുന്ന ശക്തമായ മാർഗമാണ് സിനിമകൾ. അതിനാൽ ആരോഗ്യ പരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനുമായി ലോകാരോഗ്യ സംഘടന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു .

ലോകാരോഗ്യസംഘടനയുടെ ' ഹെൽത്ത് ഫോർ ഓൾ ഫിലിം ഫെസ്റ്റിവൽ' , ലോകമെമ്പാടുമുളള നിർമ്മാണ കമ്പനികൾ, പൊതു സ്ഥാപനങ്ങൾ, എൻ‌ജി‌ഒകൾ, കമ്മ്യൂണിറ്റികൾ, വിദ്യാർത്ഥികൾ, ഫിലിം സ്കൂളുകൾ എന്നിവരിൽനിന്നും ആരോഗ്യവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രങ്ങൾ സമർപ്പിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. ആഗോള ആരോഗ്യ പ്രശ്‌നങ്ങൾ മുന്നിൽ കണ്ടുകൊണ്ട്‌ ചലച്ചിത്ര-വീഡിയോ രംഗത്ത് പുതുമ കൊണ്ടുവരാൻ പ്രാപ്തരായ യുവജനതയെ കണ്ടെത്തുകയാണ് മേളയുടെ ലക്ഷ്യം.

2021 ലെ ചലച്ചിത്ര മത്സര വിഭാഗങ്ങൾ ലോകാരോഗ്യ സംഘടന ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഹെൽത്ത് ഫോർ ഓൾ ഫിലിം ഫെസ്റ്റിവലിനുള്ള പ്രധാന മത്സര വിഭാഗങ്ങൾ ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യത്തിനായുള്ള ആഗോള ലക്ഷ്യങ്ങളുമായി യോജിച്ചുള്ളതായിരിക്കും. 2020 ഒക്ടോബർ 24 മുതൽ 2021 ജനുവരി 30 വരെ ആയിരിക്കും അപേക്ഷ സ്വീകരിക്കുന്നത് . ഒരു ഹ്രസ്വചിത്രം സമർപ്പിക്കുന്നതിന്, ചിത്രത്തിന്റെ പകർപ്പവകാശമുള്ള വ്യക്തി ചുവടെ വിവരിച്ചിരിക്കുന്ന മൂന്ന് വിഭാഗങ്ങളിൽ ഒരു വിഭാഗം മത്സരത്തിനായി തിരഞ്ഞെടുക്കണം.

യൂണിവേഴ്സൽ ഹെൽത്ത് കവറേജ് (യുഎച്ച്സി) : മാനസികാരോഗ്യം, സാംക്രമികേതര രോഗങ്ങൾ (എൻ‌സി‌ഡി), അടിയന്തിര സ്വഭാവമില്ലാത്ത സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് യു‌എച്ച്‌സി തീമുകൾ തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകൾ .

ആരോഗ്യ അത്യാഹിതങ്ങൾ : ആരോഗ്യ അത്യാഹിതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകൾ; ഉദാഹരണത്തിന് കോവിഡ് -19, ഇബോള, ദുരന്ത നിവാരണവും യുദ്ധമേഖലകളിലെ ആരോഗ്യവുമായി ബന്ധപ്പെട്ട സിനിമകൾ .

മെച്ചപ്പെട്ട ആരോഗ്യവും ക്ഷേമവും : പോഷകാഹാരം, ശുചിത്വം, മലിനീകരണം, ലിംഗഭേദം, ആരോഗ്യോധാരണം അല്ലെങ്കിൽ 'ഹെൽത്ത് എഡ്യൂക്കേഷൻ' എന്നിവ പോലുള്ള ആരോഗ്യത്തിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ മാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകൾ.

മുകളിൽ കൊടുത്തിരിക്കുന്ന മൂന്നു വിഭാഗങ്ങളിലേക്കും മൂന്നു മുതൽ എട്ടു മിനിറ്റ് വരെ ദൈർഘ്യമുള്ള ഡോക്യുമെന്ററി അല്ലെങ്കിൽ ഹ്രസ്വചിത്രം, സോഷ്യൽ മീഡിയയ്ക്കായ് പ്രത്യേകമായി തയാറാക്കിയ ഹ്രസ്വ വിഡിയോകൾ അല്ലെങ്കിൽ ഒന്ന് മുതൽ അഞ്ചു മിനിറ്റ്‌ വരെ ദൈർഘ്യമുള്ള അനിമേഷൻ ഫിലിമുകൾ തുടങ്ങിയവയും സമർപ്പിക്കാവുന്നതാണ് . 110 രാജ്യങ്ങളിൽ നിന്നായി 1300ളം എൻട്രികളാണ് ഇതുവരെ ലോകാരോഗ്യ സംഘടനക്ക് ലഭിച്ചിരിക്കുന്നത്. 

https://www.who.int/initiatives/the-health-for-all-film-festival

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.