പാരിസ്; സുരക്ഷ ബില്ലിനെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. പാരിസില്‍ പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടി.പലയിടത്തും വെടിവെപ്പുണ്ടായി. സമരക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
പോലീസിന്റെ ഫോട്ടോ പകര്‍ത്തുന്നത് നിയമവിരുദ്ധമാക്കുന്ന വ്യവസ്ഥയാണു ജനങ്ങളെ തെരുവിലിറക്കുന്നത്. പത്രസ്വാതന്ത്ര്യം വിലക്കുന്ന ഈ നിയമം പോലീസിന്റെ ക്രൂരതകള്‍ക്കു മറയാകുമെന്ന് ആരോപിക്കപ്പെടുന്നു. വെള്ളക്കാരായ പോലീസുകാര്‍ ഒരു കറുത്ത വംശജനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നതു പ്രതിഷേധം ശക്തമാക്കാനിടയാക്കി.
കഴിഞ്ഞ ദിവസത്തെ പ്രക്ഷോഭത്തില്‍ പാരിസിലെ പലയിടത്തും കലാപാന്തരീക്ഷമുണ്ടായി. സമരക്കാര്‍ക്കിടയിലേക്ക് 500ഓളം കലാപകാരികള്‍ നുഴഞ്ഞുകയറി അക്രമവും കൊള്ളിവെപ്പും നടത്തിയെന്ന് പോലീസ് ആരോപിച്ചു. ഫ്രാന്‍സിലെ മറ്റു ചില നഗരങ്ങളിലും പ്രക്ഷോഭങ്ങള്‍ നടന്നു.