വാഷിങ്ടണ്‍: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഗുരുതരമായി ബാധിക്കുന്ന അജ്ഞാത രോഗത്തിന് പിന്നില്‍ സൂക്ഷ്മ തരംഗങ്ങളുടെ പ്രയോഗമാണെന്ന് അമേരിക്കന്‍ നാഷണല്‍ അക്കാഡമിക്സ് ഓഫ് സയന്‍സസ്, എന്‍ജിനീയറിങ് ആന്‍ഡ് മെഡിസിന്‍ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി രാജ്യത്തിന്റെ ആഭ്യന്തര, വിദേശകാര്യ വകുപ്പുകളെ കുഴയ്ക്കുന്ന ഈ വിഷയത്തെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് സമര്‍പ്പിച്ചത്. റഷ്യയാണ് ഇതിന് പിന്നിലെന്നാണ് അമേരിക്കന്‍ നയതന്ത്ര വിദഗ്ധരുടെ സംശയം.
ഹവാന സിന്‍ഡ്രോം എന്ന പേരിലറിയപ്പെടുന്ന രോഗത്തിന്റെ പ്രധാന കാരണം കൃത്യമായ ആവൃത്തിയില്‍ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്ത തരംഗങ്ങളാണെന്നാണ് കണ്ടെത്തല്‍. ഇതോടൊപ്പം മറ്റു ചില കാരണങ്ങളും ഉണ്ടായേക്കാമെന്നും 19 വിദഗ്ധരടങ്ങിയ ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമര്‍ഥരായ ഉദ്യോഗസ്ഥരില്‍ പലരും അജ്ഞാത രോഗത്തിന് ഇരയാവുന്നത് രാജ്യത്തിന്റെ നയതന്ത്ര പദ്ധതികളെ പ്രതികൂലമായി ബാധിച്ചിരുന്നു.
2016 ലാണ് ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ചൈനയിലേയും മറ്റു രാജ്യങ്ങളിലേയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിലും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. തലകറക്കം, തലവേദന, കേള്‍വിക്കുറവ്, ഓര്‍മശക്തിയിലെ പിഴവ് തുടങ്ങി മാനസിക നില തകരാറിലാക്കുന്ന നിരവധി കാരണങ്ങളാല്‍ പല ഉദ്യോഗസ്ഥരും ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ചു.
റഷ്യക്കെതിരെയുള്ള നീക്കങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ റഷ്യന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയം ശക്തമായി. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ പാളിച്ചകളും അന്വേഷണത്തിനിടയ്ക്ക് ഉയര്‍ന്നതോടെ ക്യൂബയും ചൈനയും അമേരിക്കയുടെ സംശയ നിഴലിലായി.
വ്യക്തമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യുഎസ് ഉദ്യോഗസ്ഥര്‍ക്ക്് നേര്‍ക്കുള്ള ഈ രഹസ്യാക്രമണമെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. റഷ്യയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും സൂക്ഷ്മ തരംഗങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ റഷ്യ നടത്തിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. ഭാവിയിലും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും അവയെ അതിജീവിക്കാനായി ഒരുങ്ങണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.