ഡിസംബർ 27- അന്താരാഷ്ട്ര പകർച്ചവ്യാധി തടയൽ തയ്യാറെടുപ്പ് ദിനം

ഡിസംബർ 27- അന്താരാഷ്ട്ര പകർച്ചവ്യാധി തടയൽ തയ്യാറെടുപ്പ് ദിനം

വാഷിംഗ്‌ടൺ: ഡിസംബർ 27 അന്താരാഷ്ട്ര പകർച്ചവ്യാധി തടയൽ തയ്യാറെടുപ്പ് ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയത്തിന് ഐക്യരാഷ്ട്ര പൊതുസഭ അംഗീകാരം നൽകി. കോവിഡ് -19 പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിനുള്ള  നടപടികൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആഗോളതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിട്ടാണ് നടപടി പ്രഖ്യാപിച്ചത്.

193 അംഗ സമിതി തിങ്കളാഴ്ച അംഗീകരിച്ച പ്രമേയത്തിൽ പ്രധാന പകർച്ചവ്യാധികളുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. കൊറോണ വൈറസ് രോഗം പോലെയുള്ള പകർച്ച വ്യാധികൾ മനുഷ്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനങ്ങൾ ഇതിനുദാഹരണമാണ്.

പകർച്ചവ്യാധികൾ ദീർഘകാല സാമൂഹിക സാമ്പത്തിക വികസനത്തിന് നാശം വരുത്തുകയും ആരോഗ്യ പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനകം അമിത ജോലിഭാരവുമായി നിലനിൽക്കുന്ന ആരോഗ്യ സംവിധാനങ്ങളെ തകർക്കുന്നതിനും ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്നതിനും ഇടയാക്കുന്നു. ജനങ്ങളുടെ ഉപജീവനത്തിനും ഏറ്റവും ദരിദ്രവും ദുർബലവുമായ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥക്കും വിനാശമുണ്ടാക്കുകയാണ് ഇത്തരം പ്രതിസന്ധികൾ. പ്രമേയം പറയുന്നു.

ശക്തമായ ആരോഗ്യ സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത അടിയന്തിര സമ്മേളനം അടിവരയിട്ടു വ്യക്തമാക്കുന്നു. പ്രാദേശികമായും അന്തർദ്ദേശീയമായും പകർച്ചവ്യാധികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള വിവരങ്ങൾ, ശാസ്ത്രീയ അറിവ്, മികച്ച രീതികൾ എന്നിവയുടെ കൈമാറ്റം, എന്നിവ ഉറപ്പുവരുത്തുന്നതിനായി അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനം ആചരിക്കാൻ യുഎൻ , ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.