മുംബൈ: നടി ജിയാ ഖാന്റെ ആത്മഹത്യയില്‍ പത്ത് വര്‍ഷത്തിന് ശേഷം വിധി പറയാനൊരുങ്ങി മുംബൈ സ്പെഷ്യല്‍ സിബിഐ കോടതി. 2013 ജൂണ്‍ 13നാണ് ജിയാ ഖാനെ മുംബൈയിലെ ജൂഹുവിലുള്ള വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സൂരജ് ഉള്‍പ്പെടെയുള്ള 22 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇതില്‍ ജിയക്ക് ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍, ജിയയുടെ ഫ്ളാറ്റിലെ വാച്ച്മാന്‍, സൂരജിന്റെ സുഹൃത്തുക്കള്‍ എന്നിവരും പ്രതി പട്ടികയില്‍ ഉള്‍പ്പെടുന്നു. ജിയാ ഖാനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കേസില്‍ നടന്‍ ആദിത്യ പഞ്ചോളിയും അമ്മ സറീന വഹാബും പ്രതികളാണ്. ആറ് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ സൂരജ് പഞ്ചോളിക്കെതിരെ ഗുരുതര ആരോപണങ്ങളും ജിയ എഴുതിയിരുന്നു.
സിബിഐ നടത്തിയ അന്വേഷണത്തില്‍ ജിയാ ഖാന്‍ ജീവനൊടുക്കിയതാണെന്നും, കാരണം സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളാണ് കാരണമെന്നും കണ്ടെത്തിയിരുന്നു. ജിയാഖാന്റെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സൂരജ് പഞ്ചോളിക്കെതിരെ സിബിഐ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത്.
സൂരജുമൊത്തുള്ള അടുപ്പത്തെ കുറിച്ചും നടനില്‍ നിന്ന് നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങളെ കുറിച്ച് ജിയ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പീഡനങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജിയ പറയുന്നു. സ്പെഷ്യല്‍ സിബിഐ ജഡ്ജി എഎസ് സയ്യാദാണ് കേസില്‍ വിധി പറയുക.