ഹൂസ്റ്റണ്‍: ചരിത്രത്തിന്റെ ഏടുകളില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് ടെക്‌സസിലെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം സ്വദേശിയാണ്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്ത് എത്തുന്നത്.
റോബിന്‍ ഇലക്കാട് 5622 വോട്ടുകള്‍ നേടിയപ്പോള്‍ (52.51 ശതമാനം) എതിര്‍ സ്ഥാനാര്‍ത്ഥി യോ ലാന്‍ഡാ ഫോര്‍ഡിന് 5085 (47.49 ശതമാനം) വോട്ടുകളാണ് നേടാനായത്. 537 വോട്ടുകള്‍ നേടി മികച്ച വിജയമാണ് റോബിന്‍ കാഴ്ച വച്ചത്.
മിസോറിയില്‍ ആകെയുള്ള ഒരുലക്ഷം വോട്ടര്‍മാരില്‍ 18 ശതമാനവും മലയാളികളാണ്. അതുകൊണ്ടുതന്നെ ഇവിടെ മലയാളി വോട്ട് ഏറെ നിര്‍ണായകമായിരുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ഒപ്പത്തിനൊപ്പമുള്ള ഇവിടെ പാര്‍ട്ടി അടിസ്ഥാനത്തിലല്ല മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.
മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗവും ഒരുതവണ ഡപ്യൂട്ടി മേയറുമായി റോബിന്‍ ഇലക്കാട് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ് റോബിന്‍. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ ടീനയാണ് ഭാര്യ. ലിയ, കേറ്റ്ലിന്‍ എന്നിവരാണ് മക്കള്‍.