വത്തിക്കാൻ : ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ ഡിസംബർ 17 ന് തന്റെ 84 ആം ജന്മദിനം ആഘോഷിക്കുന്നു. പതിവ് പോലെ വത്തിക്കാനിൽ കർദിനാളന്മാർക്കൊപ്പം നന്ദി സൂചകമായി ദിവ്യ ബലി അർപ്പിച്ചതിന് ശേഷം സമൂഹത്തിൽ വിഷമതകൾ അനുഭവിക്കുന്നവർക്കൊപ്പം ഈ ദിവസം ചെലവഴിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷം രോഗികളായ കുഞ്ഞിങ്ങളോടൊപ്പമാണ് മാർപാപ്പ ജന്മദിനം ആഘോഷിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷകണക്കിന് അഭ്യുദയകാംക്ഷികൾ സോഷ്യൽ മീഡിയയിലൂടെയും, ടെലിഗ്രാം, കത്തുകൾ, തുടങ്ങിയവയിലൂടെ ജന്മദിനാശംസകൾ അറിയിക്കുന്നത്.
താൻ ഒരിക്കൽ പോലും വ്യക്തിപരമായ ആഘോഷങ്ങൾ നടത്താറില്ലെന്നും, തനിക്ക് ഈ ലോകത്തിലേക്ക് വരാൻ സഹായമായ മാതാപിതാക്കന്മാരെയും പ്രിയമുള്ളവരെയും ഓർത്ത് നന്ദി പറയാൻ മാത്രമാണ് ജന്മദിന ദിവസം ഉപയോഗിക്കാറെന്നും പാപ്പാ പല തവണ സൂചിപ്പിച്ചിട്ടുണ്ട്.
1936 ഡിസംബർ 17 അർജന്റീനയിലെ ബ്യുണസ് ഐറിസിലാണ് ഹോസെ മരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് പാപ്പാ ജനിച്ചത്. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ചിൽ നടന്ന പേപ്പൽ കോൺക്ലേവ് രണ്ടാം ദിവസം അഞ്ചാം തവണ വോട്ടിംഗ് കർദ്ദിനാൾ ബെർഗോളിയോയെ ആഗോള സഭയുടെ 266-മത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തു.
1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപ്പാപ്പ പദവിയിലെത്തിയയാളും, ലാറ്റിൻ അമേരിക്കയിൽ നിന്നും ആദ്യമായി മാർപ്പാപ്പയാകുന്ന വ്യക്തിയും ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ, ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ എന്നീ നിലകളിലും ശ്രദ്ധേയനാണ്. സഭയിൽ പുതിയ മാറ്റങ്ങൾ സ്ഥാനാരോഹണത്തിനു ശേഷം ഉടൻ തന്നെ പാപ്പാ വരുത്തുകയുണ്ടായി. അതിനാൽ "മാറ്റങ്ങളുടെ മാർപ്പാപ്പ" എന്ന് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
സഭയുടെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തോടും, സഭയുടെ മദ്ധ്യസ്ഥനായ യൗസേഫ് പിതാവിനോടും, അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനോടും പ്രത്യേക സ്നേഹവും ഭക്തിയുമുള്ള പാപ്പാ തന്റെ ജീവിതത്തിലുടനീളം ലാളിത്യത്തിന്റെ വലിയ മാതൃകയാണ് ലോകത്തിന് നൽകുന്നത്. ഫ്രാൻസിസ് അസ്സീസിയുടെ ജീവിത മാതൃക അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് , ആ മാതൃക പിൻചെന്നാണ് മാർപ്പാപ്പയുടെ വേഷവിധാനത്തിൽ ലളിത വൽക്കരണം കൊണ്ടു വന്നത്. പ്രിയപ്പെട്ട പാപ്പയ്ക്ക് പ്രാർത്ഥനാ നിർഭരമായ ജന്മദിനാശംസകൾ.
(ജെ കെ )