പെന്‍സില്‍വാനിയ: ആ കസ്റ്റമര്‍ ഇനിയും വരണേ...പെന്‍സില്‍വാനിയയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റായ ആന്തണീസിന്റെ ഉടമയും തൊഴിലാളികളും മനമുരുകി പ്രാര്‍ത്ഥിക്കുകയാണ്. എങ്ങനെ പ്രാര്‍ത്ഥിക്കാതിരിക്കും. കോവിഡിന്റെ വരവോടെ ഏറെ നാള്‍ അടഞ്ഞുകിടക്കുകയും പിന്നീട് തുറന്നപ്പോള്‍ ഈച്ച പിടിച്ചിരിക്കേണ്ടിയും വന്ന റസ്റ്റോറന്റിന് ബംബര്‍ അടിച്ചതു പോലെയായി ആ കസ്റ്റമറുടെ വരവ്.
എന്താണന്നല്ലേ... കസ്റ്റമര്‍ കഴിച്ച ഭക്ഷണം 206 ഡോളറിന്റേത്. എന്നാല്‍ ടിപ്പായി നല്‍കിയത് 3.67 ലക്ഷം രൂപ. (5000 യുഎസ് ഡോളര്‍). ഭക്ഷണത്തിന്റെ തുകയുടെ എത്രയോ മടങ്ങ് ടിപ്പായി ലഭിച്ചപ്പോള്‍ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഞെട്ടി. ഇതിന്റെ ബില്ലടക്കമുള്ളവ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. പിന്നീട് ഈ സംഭവം മറ്റ് മാധ്യമങ്ങളിലും വ്യാപകമായി വന്നു.
റസ്‌റ്റോറന്റ് ഉടമ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങളോട് കസ്റ്റമര്‍ കാണിച്ച കരുതലിന് നന്ദി പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വൈകാതെ തന്നെ വൈറലാവുകയായിരുന്നു. നേരത്തേ ഒഹിയോവിലും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് 3000 ഡോളറായിരുന്നു കസ്റ്റമര്‍ നല്‍കിയ ടിപ്പ്.