ബിപോര്‍ജോയ് പാക്-ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു: പാകിസ്ഥാനില്‍ 27 മരണം; കേരളത്തില്‍ കാറ്റും മഴയും കനക്കും

ബിപോര്‍ജോയ് പാക്-ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു: പാകിസ്ഥാനില്‍ 27 മരണം; കേരളത്തില്‍ കാറ്റും മഴയും കനക്കും

തിരുവനന്തപുരം: ബിപോര്‍ജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് പാകിസ്ഥാന്‍-ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂണ്‍ 14 വരെ വടക്ക് ദിശയിയില്‍ സഞ്ചരിച്ച് പിന്നീട് ദിശ മാറി സൗരാഷ്ട്ര ആന്‍ഡ് കച്ച്, പാക് തീരത്തോട് ചേര്‍ന്നുള്ള മണ്ഡവി, കറാച്ചി എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ ജൂണ്‍ 15 ന് പരമാവധി 150 കിലോമീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പാകിസ്ഥാനില്‍ ശക്തിയായി വീശിയടിക്കുന്ന ചുഴലിക്കാറ്റിലും കനത്ത മഴയിലും ഇതുവരെ 27 മരണം റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ പാകിസ്ഥാനിലാണ് കൂടുതല്‍ നാശം സംഭവിച്ചിരിക്കുന്നത്. ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ നാല് ജില്ലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബന്നു ജില്ലയില്‍ മാത്രം 15 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ പന്ത്രണ്ടുപേര്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് മരിച്ചത്.

അതേസമയം ഈ മാസം 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നേരത്തേ തന്നെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.