കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാരത്തര്‍ക്കമാണ് രാഷ്ട്രീയ പ്രതിസന്ധി വീണ്ടും ഉടലെടുക്കാന്‍ കാരണം. ഇതോടെ ഇന്ന് രാവിലെ അടിയന്തര ക്യാബിനറ്റ് കൂടി പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി ശുപാര്‍ശ ചെയ്തു.
രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോടാണ് പ്രധാനമന്ത്രിയുടെ ശുപാര്‍ശ. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറാന്‍ തീരുമാനിച്ചതായി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വാര്‍ത്താഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന വിമര്‍ശനവുമായി മുതിര്‍ന്ന എന്‍സിപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധവ് കുമാര്‍ രംഗത്തെത്തി. ഒലിയുടെ തീരുമാനത്തിനെതിരെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണസിറ്റ് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.