കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കാൽ കുഴയ്ക്കേറ്റ പരിക്കിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടന്നത്. പൃഥ്വിരാജിന് രണ്ടു ദിവസത്തിനകം ആശുപത്രി വിടാമെങ്കിലും രണ്ടു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം മറയൂരിൽ വച്ചാണ് പൃഥ്വിരാജിന് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗത്തിനിടെ ചാടിയിറങ്ങുന്നതിനിടെയാണ് പരിക്ക് സംഭവിക്കുന്നത്.
വിലായത്ത് ബുദ്ധയ്ക്ക് പുറമെ വിപിൻ ദാസിന്റെ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെയും ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. ഈ രണ്ട് ചിത്രങ്ങളുടേയും ചിത്രീകരണം വൈകും. മാത്രമല്ല പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും വൈകും. എമ്പുരാന്റെ ചിത്രീകരണത്തിനായി അടുത്ത മാസം ആദ്യം അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അപകടവും വിശ്രമവും ആവശ്യമായി വന്നിരിക്കുന്നത്.