അബുദബി: രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. യുഎഇ പ്രസിഡന്‍റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി കൂടിക്കാഴ്ച നടത്തും.
ഇന്ത്യ-യുഎഇ ബന്ധം ദൃഢമാക്കുക എന്നതാണ് സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര നേരത്തെ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു ഭരണാധികാരികളും ചർച്ച നടത്തും.
യുഎഇ അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടി (കോപ്) യുടെയും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ ആഗോള വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി ചർച്ചകളും പരിപാടികളും സംഘടിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.