യൂറോപ്യന്‍ രാജ്യങ്ങളിൽ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

യൂറോപ്യന്‍ രാജ്യങ്ങളിൽ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

ബ്രസൽസ്: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പിന് തുടക്കം കുറിച്ച് യൂറോപ്യൻ യൂണിയൻ. ഫൈസർ-ബയോൺടെക്ക് കോവിഡ് വാക്സിൻ വിതരണത്തിന് യൂറോപ്യൻ യൂണിയൻ തുടക്കം കുറിച്ചു. 'ഐക്യത്തിന്റെ ഹൃദയസ്പർശിയായ നിമിഷമാണ് യൂറോപ്യൻ യൂണിയന്റെ വാക്സിനേഷൻ ദിവസങ്ങൾ. മഹാമാരിയിൽ നിന്ന് രക്ഷപ്പെടാനുളള ഏകമാർഗം പ്രതിരോധ കുത്തിവെപ്പാണ്.'-ട്വീറ്റിൽ യൂറോപ്യൻ യൂണിയൻ കമ്മീഷൻ വ്യക്തമാക്കി.

ശനിയാഴ്ചയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിൻ എത്തിയത്.'കോവിഡ് വാക്സിൻ എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും നൽകിയിട്ടുണ്ട്. വാക്സിനേഷൻ നാളെ മുതൽ ആരംഭിക്കും.' യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൺ ഡെർ ലെയെൻ ട്വീറ്റ് ചെയ്തു.'27 അംഗരാജ്യങ്ങൾക്കും വാക്സിൻ നൽകുമെന്ന് അവർ പറഞ്ഞു. 200 മില്യൺ ഡോസുകളുടെ വിതരണം സെപ്റ്റംബർ 2021-ഓടെ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും' യൂറോപ്യൻ കമ്മിഷൻ പറഞ്ഞു.


വിവിധ മരുന്നുകമ്പനികളുമായി രണ്ടു ബില്യൺ വാക്സിൻ ഡോസിന്റെ കരാറിലാണ് യുറോപ്യൻ കമ്മിഷൻ ഏർപ്പെട്ടിരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പലരാജ്യങ്ങളും ലോക്ഡൗണിൽ ഇളവുകൾ നൽകിയെങ്കിലും വൈറസ് വ്യാപനം തടയുന്നതിനായി വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് മടങ്ങിയെത്തി. ആദ്യഘട്ട വിതരണം ആരംഭിച്ച ബ്രിട്ടൻ വാക്സിൻ വിതരണം കൂടുതൽ സുഗമമായി നടത്താനുള്ള തയ്യാറെടുപ്പിലാണ്. ബ്രിട്ടനിൽ സ്ഥിരീകരിച്ച ജനിതകമാറ്റം വന്നെന്ന് സംശയിക്കുന്ന വൈറസ് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതുവരെ യൂറോപ്പിൽ രണ്ടരക്കോടിയോളം ജനങ്ങളാണ് കോവിഡ് ബാധിതരായത്. 1.7 കോടിയോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.