ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഗര്‍ഭിണിയെ കൊന്ന് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത കേസില്‍ ലിസ മോണ്ട്ഗോമറിയുടെ വധശിക്ഷ ജനുവരി 12ന് നടപ്പാക്കും. യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതിയുടേതാണ് വിധി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ലിസയുടെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.ശിക്ഷ നടപ്പായാല്‍ 70 വര്‍ഷത്തിനിടെ ആദ്യമായി വധശിക്ഷയ്ക്കു വിധേയയാക്കപ്പെടുന്ന വനിതയാകും ലിസ. 1953ല്‍ ബോണി ഹെഡി എന്ന വനിതയെയാണ് ഇതിനു മുമ്പ് വധശിക്ഷയ്ക്ക് വിധേയയാക്കിയത്.
ലിസയുടെ വധശിക്ഷ ഡിസംബറില്‍നിന്ന് മാറ്റിയ കീഴ്ക്കോടതി നടപടി തെറ്റാണെന്ന് മൂന്നംഗ ജഡ്ജ് പാനല്‍ വിധിച്ചു. ഇന്‍ഡിയാനയിലെ ഫെഡറല്‍ കറക്ഷണല്‍ സെന്ററില്‍ ഡിസംബറിലാണ് ലിസയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലിസയുടെ അഭിഭാഷകന് കോവിഡാണെന്നു ചൂണ്ടിക്കാട്ടിയാണു ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചത്.
2004ല്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു കടന്നുകളഞ്ഞ കേസിലാണ് ലിസയ്ക്കു വധശിക്ഷ. മിസൗറിയില്‍ ഇരുപത്തിമൂന്നുകാരിയായ ബോബി ജോ സ്റ്റിനെറ്റ് ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുഞ്ഞിനെ പിന്നീടു പൊലീസ് രക്ഷപ്പെടുത്തി പിതാവിനു കൈമാറി. 2007-ല്‍ ലിസ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി അവര്‍ക്കു വധശിക്ഷ വിധിക്കുകയായിരുന്നു.