ഇന്ത്യയുടെ ലോകകപ്പ് സാധ്യത ഈ മൂന്നു പേരുടെ പ്രകടനത്തെ ആശ്രയിച്ച്! യുവിയുടെ ലിസ്റ്റില്‍ കോലിയും രോഹിതും ഗില്ലുമില്ല

ഇന്ത്യയുടെ ലോകകപ്പ് സാധ്യത ഈ മൂന്നു പേരുടെ പ്രകടനത്തെ ആശ്രയിച്ച്! യുവിയുടെ ലിസ്റ്റില്‍ കോലിയും രോഹിതും ഗില്ലുമില്ല

12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ ആതിഥ്യമരുളുന്ന മറ്റൊരു ക്രിക്കറ്റ് ലോകകപ്പിന് ആരവമുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചുള്ള ആശയും ഉയരുകയാണ്. ആരാകും ഇന്ത്യയുടെ വിജയശില്‍പി എന്നതാണ് ഏറെ ചര്‍ച്ച ചെയ്യുന്ന മറ്റൊരു കാര്യം.

നായകന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, എന്നിവര്‍ക്കു പുറമെ വെടിക്കെട്ട് ബാറ്റിംഗ് നടത്താന്‍ സൂര്യകുമാര്‍ യാദവും ടീമിലുള്ളതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിര ശക്തമാണ്. ഇതിനു പുറമെ ബുംറ, ഷമി, ഒന്നാം നമ്പര്‍ ബൗളര്‍ മുഹമ്മദ് സിറാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പേസ് ത്രയവും കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവരുടെ സ്പിന്‍ ബൗളിംഗും ഇന്ത്യയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നു.

എന്നാല്‍ 2011 ലോകകപ്പ് ഹീറോ യുവ് രാജ് സിംഗിന്റെ അഭിപ്രായത്തില്‍ മൂന്നു പേരുടെ പ്രകടനമാണ് ഏറെ നിര്‍ണായകമാകുക. എന്നാല്‍ ഈ ലിസ്റ്റില്‍ ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന റണ്‍ മെഷീന്‍ കോലിയോ, നായകന്‍ രോഹിത് ശര്‍മയോ, ഈ വര്‍ഷം ഏറ്റവുമധികം റണ്‍സുമായി റണ്‍വേട്ടയില്‍ മുന്നിലുള്ള ഗില്ലുമില്ല എന്നതാണ് രസകരം.

യുവിയുടെ അഭിപ്രായ പ്രകാരം സിറാജ്, ബുംറ എന്നിവരുടെ ബൗളിംഗും രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനവും ഇന്ത്യയുടെ സാധ്യതകളില്‍ നിര്‍ണായകമാകും. മികച്ച ബൗളിംഗ് ആണ് ഏഷ്യാകപ്പിലടക്കം സിറാജ് കാഴ്ചവെച്ചത്. ഏഷ്യാകപ്പ് ഫൈനലിലെ സ്വപ്‌നതുല്യ പ്രകടനമടക്കം പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സിറാജ് ഇന്ന് നിലവിലെ ലോക ഒന്നാം നമ്പര്‍ ഏകദിന ബൗളറാണ്.

അതേ സമയം, യുവിയുടെ അഭിപ്രായത്തെ അനുകൂലിച്ച ഗൗതം ഗംഭീര്‍ രണ്ടു പേരെ നിലനിര്‍ത്തി. ഗംഭീറിന്റെ അഭിപ്രായത്തില്‍ ബുംറയും സിറാജും നായകന്‍ രോഹിത് ശര്‍മയുമാകും മൂന്ന് മാച്ച് വിന്നര്‍മാര്‍. മാച്ചുകള്‍ റണ്‍മഴ പെയ്യുന്നതാകുമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.