കൊച്ചി: രാജ്യാന്തര തപാലുകളുടെ പരിശോധന കര്‍ശനമാക്കാന്‍ കസ്റ്റംസ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം. കൊറിയര്‍ സര്‍വീസ് മുഖേന മയക്കുമരുന്ന് കടത്ത് സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. കസ്റ്റംസ് പോസ്റ്റല്‍ അപ്രൈസിങ് ഓഫീസിലെത്തുന്ന കൊറിയറുകളെല്ലാം സ്‌കാന്‍ ചെയ്യും. സംശയമുള്ളവ തുറന്നു പരിശോധിക്കും.
യു.എസ്, മലേഷ്യ, സിംഗപ്പുര്‍, ഗള്‍ഫ് രാജ്യങ്ങളിലെ മാഫിയകള്‍ കൊച്ചിയടക്കമുള്ള നഗരങ്ങളിലേക്ക് കൊറിയര്‍ മുഖേന മയക്കുമരുന്ന് കടത്താറുണ്ട്. സംശയാസ്പദമായ പായ്ക്കറ്റുകളെക്കുറിച്ച് കൊറിയര്‍ കമ്പനിക്കാര്‍ തന്നെ എക്സൈസിനെ വിവരമറിയിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. കോവിഡ് കാലത്താണ് മയക്കുമരുന്ന് കടത്താന്‍ മാഫിയകള്‍ കൊറിയര്‍ മാര്‍ഗം സ്വീകരിച്ചു തുടങ്ങിയത്. അന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും സി.ബി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പോളണ്ട്, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൊറിയറില്‍ എത്തുന്ന ഗോള്‍ഡന്‍ ഡ്രാഗണ്‍ വിഭാഗത്തില്‍പ്പെട്ട മാരക മയക്കുമരുന്നുകള്‍ക്ക് ഇവിടെ വന്‍വിലയാണ് ഈടാക്കുന്നത്. യു.എസ് ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കഞ്ചാവും കറുപ്പും നിയമവിധേയമാണ്. അതിനാല്‍ ഇത്തരം രാജ്യങ്ങളില്‍ നിന്ന് ഇവ ശേഖരിക്കാനും ഇന്ത്യപോലെ നിരോധനമുള്ള രാജ്യങ്ങളിലേക്ക് അയയ്ക്കാനും മാഫിയകള്‍ക്ക് കഴിയും.