ഇന്ത്യയില്‍ ആദ്യം: ഒരു ജില്ലയ്ക്ക് സ്വന്തമായി പുഷ്പവും പക്ഷിയും വൃക്ഷവും; പ്രഖ്യാപനവുമായി കാസര്‍കോഡ്

 ഇന്ത്യയില്‍ ആദ്യം: ഒരു ജില്ലയ്ക്ക് സ്വന്തമായി പുഷ്പവും പക്ഷിയും വൃക്ഷവും; പ്രഖ്യാപനവുമായി കാസര്‍കോഡ്

കാസര്‍കോഡ്: ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലയ്ക്ക് സ്വന്തമായി പുഷ്പവും പക്ഷിയും വൃക്ഷവും. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റേതാണ് പ്രഖ്യാപനം. കാഞ്ഞിരമാണ് ജില്ലാ വൃക്ഷമായി തിരഞ്ഞെടുത്തിരിക്കുന്നത്. വെള്ളവയറന്‍ കടല്‍പ്പരുന്തിനെ ഔദ്യോഗിക പക്ഷിയായും പാലപ്പൂവന്‍ ആമയെ ജില്ലാ ജീവിയായും പ്രഖ്യാപിച്ചു. പെരിയ പോളത്താളിയാണ് ജില്ലാ പുഷ്പം.

ഇവ വംശനാശഭീഷണി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. കാഞ്ഞിരം എന്നര്‍ത്ഥമുള്ള കാസറ എന്ന വാക്കില്‍ നിന്നാണ് കാസര്‍കോട് എന്ന സ്ഥലനാമം ഉണ്ടായത്. ഇന്ത്യയില്‍ തന്നെ ഇത്തരം പ്രഖ്യാപനം ഇതാദ്യമായാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ അപൂര്‍വ്വമായ മൃദുലമായ പുറന്തോടുള്ള ഭീമന്‍ ആമയാണ് പാലപ്പൂവന്‍. വംശനാശ ഭീഷണി നേരിടുന്ന ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുന്ന ശുദ്ധജല ആമ വര്‍ഗമാണിത്. കാസര്‍കോട് പാണ്ടിക്കണ്ടത്താണ് ഇവയുടെ പ്രജനന കേന്ദ്രം.

മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള 150 കിലോമീറ്റര്‍ പ്രദേശത്ത് മാത്രമാണ് വെള്ളവയറന്‍ കടല്‍പ്പരുന്തുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിലുള്ള പക്ഷി. ഉത്തര മലബാറിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് ഉല്‍ഭവിക്കുന്ന അരുവികളില്‍ മാത്രം കാണുന്ന അപൂര്‍വ സസ്യമാണ് പെരിയ പാളത്താളി. ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമാണ് ഈ പൂക്കള്‍ക്ക്. ഇവയെ ആദ്യമായി കണ്ടെത്തിയത് കാസര്‍കോട്ടെ പെരിയയിലാണ്.

കാഞ്ഞിരം

കയ്പ് രസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ് കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ വിത്ത് അല്ലെങ്കില്‍ കുരു വളരെയധികം കയറ്റുമതി സാധ്യതയുള്ളതുമാണ്. സംസ്‌കൃതത്തില്‍ 'വിഷദ്രുമ' 'വിഷമുഷ്ടി' എന്ന പേരിലും ഇത് അറിയപ്പെടുന്നു. കാഞ്ഞിരം രണ്ട് തരമുണ്ട്. മരക്കാഞ്ഞിരവും വള്ളിക്കാഞ്ഞിരവും. കേരളത്തില്‍ നാട്ടിലും കാട്ടിലും ഇത് കാണപ്പെടുന്നു. സഹസ്രയോഗം, അമരകോശം എന്നിവയില്‍ കാഞ്ഞിരത്തെക്കുറിച്ച് പറയുന്നുണ്ട്.

വെള്ളവയറന്‍ കടല്‍പ്പരുന്ത്

അസിപിട്രിഡേ (Accipitridae) പക്ഷി കുടുംബത്തില്‍പ്പെടുന്ന ഒരിനം പ്രാപ്പിടിയനാണ് വെള്ളി എറിയന്‍ അഥവാ വെള്ള വയറന്‍ കടല്‍പ്പരുന്ത്. ഇംഗ്ലീഷില്‍ White-bellied Fish-eagle എന്നും White-breasted Sea Eagle എന്നും അറിയപ്പെടുന്നു. കടല്‍ തീരങ്ങളിലും നദീ തീരങ്ങളിലും വെള്ള വയറന്‍ കടല്‍പ്പരുന്ത് പ്രധാനമായും കണ്ടുവരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.