സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: കെസിബിസി പ്രൊ ലൈഫ് സമിതി

സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: കെസിബിസി പ്രൊ ലൈഫ് സമിതി

കൊച്ചി: സ്വവര്‍ഗ വിവാഹം അസാധുവാണെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കെസിബിസി പ്രോ ലൈഫ് സമിതി.

വിവാഹം എന്നത് സ്ത്രീയും പുരുഷനും ചേര്‍ന്ന് നടത്തേണ്ട കര്‍മ്മാനുഷ്ഠാനമാണെന്നിരിക്കെ ഒരേ വര്‍ഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള സ്വവര്‍ഗാനുരാഗ ബന്ധത്തെ വിവാഹമായി വിശേഷിപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാവുന്നതല്ല.

സ്വവര്‍ഗാനുരാഗ ബന്ധത്തെ സ്വവര്‍ഗ സഹവാസം എന്ന് വിശേഷിപ്പിക്കാമെങ്കിലും സ്വവര്‍ഗ വിവാഹം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും പ്രൊ ലൈഫ് സമിതി വിലയിരുത്തി.

പങ്കാളിയെ തിരഞ്ഞെടുക്കുവാന്‍ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അത്തരത്തില്‍ തിരഞ്ഞെടുക്കുന്ന പങ്കാളിയെ വിവാഹം എന്ന വിശേഷണത്താല്‍ ബന്ധിപ്പിക്കുന്നത് മനുഷ്യ സംസ്‌കാരത്തിന് യോജിച്ചതല്ല.

സ്‌പെഷ്യല്‍ മേരേജ് ആക്ട് സെക്ഷന്‍ 4 സ്ത്രീയും പുരുഷനും ചേര്‍ന്നുള്ള വിവാഹത്തെ വിശേഷിപ്പിക്കുന്നതാകയാല്‍ അതിനകത്ത് സ്വവര്‍ഗ അനുരാഗികളുടെ സഹവാസത്തെ സംബന്ധിച്ച തുല്യതയ്ക്ക് പ്രസക്തിയില്ല.

മാതാപിതാക്കള്‍ ആകാന്‍ ദമ്പതികള്‍ക്കാണ് അവകാശം എന്നിരിക്കെ അവിവാഹിതരായ വ്യക്തികള്‍ക്കും സ്വവര്‍ഗ അനുരാഗികള്‍ക്കും ആ അവകാശം കൈമാറുന്നത് മനുഷ്യ വംശത്തിന്റെ സമുന്നതിക്ക് ഗുണകരമായിരിക്കില്ല.

ആയതിനാല്‍ പാര്‍ലമെന്റില്‍ നിയമഭേദഗതി വരുത്തി സ്വവര്‍ഗ അനുരാഗത്തെ വെള്ളപൂശി സ്വവര്‍ഗ വിവാഹമെന്ന് വിശേഷിപ്പിച്ച് നിയമാനുസൃതമാക്കുവാന്‍ ശ്രമിക്കുന്നതുപോലും മനുഷ്യ വംശത്തിന് അപകടകരമാണെന്നും സമിതി അഭിപ്രായപ്പെട്ടു.

കെസിബിസി. ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി, ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ എന്നിവര്‍ സംബന്ധിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.