വാഷിങ്ടണ്‍; അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ ഇരച്ചു കയറിയുണ്ടാക്കിയ കലാപത്തില്‍ മരണം നാലായി. ഒരു സ്ത്രീയുടെ മരണം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് മൂന്ന് പേര്‍കൂടി മരണത്തിന് കീഴടങ്ങി. കാപ്പിറ്റോള്‍ മന്ദിരത്തിനുള്ളിലാണ് സ്ത്രി വെടിയേറ്റു വീണത്. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപത്തുനിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവങ്ങള്‍.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. കാപ്പിറ്റോള്‍ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു വിശേഷിപ്പിച്ച ജോ ബൈഡന്‍, പിന്‍വാങ്ങാന്‍ അനുകൂലികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയര്‍ലന്‍ഡും രംഗത്തെത്തി.
ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യര്‍ഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയിരുന്നു. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ച ട്രംപ്, പ്രതിഷേധക്കാരോടു സമാധാനം പാലിക്കാനും മടങ്ങിപോകാനും അഭ്യര്‍ഥിച്ചു. പ്രതിഷേധ സ്വരങ്ങളെ മൂടിവയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞു.
ഇതിനിടെ ഡോണള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. 12 മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് ട്രംപ് നടത്തിയ അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങളാണ് കാപ്പിറ്റോളിലെ അക്രമസംഭവങ്ങളിലേക്കു നയിച്ചതെന്ന നിഗമനത്തിലാണ് ഈ തീരുമാനം.