തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ടെക്നിക്കല്‍ കമ്മിറ്റി അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതിയ അപേക്ഷ വരുന്നതനുസരിച്ച് അവരുടെ സംരക്ഷണവും ഉറപ്പാക്കും. മുഴുവന്‍ കുട്ടികളുടെയും ചികിത്സ, തുടര്‍ചികിത്സ, ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതാണ്.
മുമ്പ് കെ.എസ്.എസ്.എം. തുടര്‍ന്നുപോന്ന അതേ കമ്പനികളുമായി കെ.എം.എസ്.സി.എല്‍. ചര്‍ച്ച നടത്തി ഉപകരണങ്ങള്‍ക്കും മെയിന്റനന്‍സിനും അപ്ഗ്രഡേഷനും ധാരണയായിട്ടുണ്ട്. എത്രയും വേഗം ഉപകരണങ്ങള്‍ വിതരണം ചെയ്യാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ലഭിച്ച അപേക്ഷകള്‍ വിലയിരുത്തി 44 ശസ്ത്രക്രിയകള്‍ക്ക് അംഗീകാരം നല്‍കി തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയവര്‍ക്കായി ഓഡിയോ വെര്‍ബല്‍ ഹാബിറ്റേഷന്‍ തെറാപ്പി, ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍, മറ്റ് തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്.
ശ്രവണ വൈകല്യം നേരിടുന്ന അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതി തരംഗം. നിലവില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുന്നത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാകും. കൂടുതല്‍ കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് സി.എസ്.ആര്‍ ഫണ്ടും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.