തലശേരി: തലശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജോര്‍ജ് നരിപ്പാറ (84) അന്തരിച്ചു. കരുവഞ്ചാല്‍ പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ 8.15 നായിരുന്നു മരണം. തലശേരി അതിരൂപത പടുത്തുയര്‍ത്തിയ വൈദികരില്‍ പ്രമുഖനാണ്. ഭൗതികശരീരം ഇന്ന് രാവിലെ 10 മുതല്‍ കരുവഞ്ചാല്‍ പ്രീസ്റ്റ് ഹോമിലെ പൊതുദര്‍ശനത്തിന് വച്ചു.
വൈകുന്നേരം ആറിന് സംസ്‌കാര ശുശ്രൂഷയുടെ ആദ്യഭാഗം ആര്‍ച്ച് ബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കരുവഞ്ചാല്‍ പ്രീസ്റ്റ് ഹോമില്‍ നടത്തിയ ശേഷം രാത്രി ഏഴിന് ചെമ്പേരി ലൂര്‍ദ് മാതാ ദേവാലയത്തില്‍ എത്തിക്കുന്ന മൃതദേഹം രാത്രി 9.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് അദേഹത്തിന്റെ സ്വദേശമായ പാലാ രൂപതയിലെ ചെമ്മലമറ്റം ഇടവകയിലേക്ക് കൊണ്ടുപോകും.
ചെമ്മലമറ്റത്തുള്ള വീട്ടില്‍ നാളെ രാവിലെ എട്ട് മുതല്‍ ഒമ്പത് വരെ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് സംസ്‌കാരത്തിനായി ചെമ്മലമറ്റം ദേവാലയത്തിലേക്ക് കൊണ്ടുപോകും. രാവിലെ 10.30 ന് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാംഭാഗവും വിശുദ്ധ കുര്‍ബാനയും നടക്കും.
1956 ല്‍ എസ്.എസ്.എല്‍.സി പാസായ ശേഷം തലശേരി രൂപതയില്‍ വൈദിക വിദ്യാര്‍ഥിയായി. തലശേരിയില്‍ അന്ന് മൈനര്‍ സെമിനാരി ഇല്ലാത്തതിനാല്‍ കുമ്മണ്ണൂര്‍ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയിലാണ് ചേര്‍ന്ന് പഠിച്ചു. വൈദിക പഠനം പൂര്‍ത്തിയാക്കിയത് ആലുവ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ നിന്നുമാണ്.
1964 ഡിസംബര്‍ ഒന്നിന് പോള്‍ ആറാമന്‍ മാര്‍പാപ്പ പങ്കെടുത്ത മുംബൈയില്‍ നടന്ന അഖില ലോക ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ തലശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നുമാണ് പൗരോഹിത്യം സ്വീകരിച്ചത്.
ചെറുപുഴ, മേരിഗിരി, കൂരാച്ചുണ്ട്, തിരുമേനി, അറബി, നെല്ലിക്കാംപൊയില്‍, അരവഞ്ചാല്‍, വായാട്ടുപറമ്പ്, കരുണാപുരം, കുടിയാന്‍മല, തലശേരി, തോമാപുരം, ചെമ്പേരി, മണിക്കടവ്, കണിച്ചാര്‍ എന്നിവിടങ്ങളില്‍ വികാരിയായും തലശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ സ്പിരിച്വല്‍ ഫാദറായും സേവനം അനുഷ്ഠിച്ചിരുന്നു.
ചെമ്മലമറ്റത്തെ വര്‍ക്കി- അന്ന ദമ്പതികളുടെ മകനാണ്. ജോസഫ്, അബ്രഹാം, തോമസ്, ഏലിയാമ്മ, ലിസി, മേരിക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്.