പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാഹനാപകടം; മരിച്ചവര്‍ മൂവരും യുവാക്കള്‍

പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാഹനാപകടം; മരിച്ചവര്‍ മൂവരും യുവാക്കള്‍

കോട്ടയം: പൊന്‍കുന്നം പാലാ റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. പള്ളിക്കത്തോട് സ്വദേശി വിഷ്ണു, തിടനാട് സ്വദേശികളായ വിജയ്, ആനന്ദ് എന്നിവരാണ് മരിച്ചവര്‍.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൊപ്രാക്കളത്ത് കഴിഞ്ഞ ദിവസം രാത്രി 10 നായിരുന്നു അപകടം. പൊന്‍കുന്നത്ത് നിന്നും പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ പാലാ ഭാഗത്ത് നിന്ന് എത്തിയ ജീപ്പ് ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നെന്നാണ് സമീപവാസികള്‍ പറഞ്ഞത്. സ്വകാര്യ ബസ് ജീവനക്കാരായ യുവാക്കള്‍ ജോലിക്ക് ശേഷം വീടുകളിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ഓട്ടോറിക്ഷയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത്(23), അരീപ്പറമ്പ് കളത്തില്‍ അഭിജിത്ത് (18) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ പതിവായ മേഖലയിലാണ് ഈ ദുരന്തവും ഉണ്ടായത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പൊന്‍കുന്നം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.

പാലാ - പൊന്‍കുന്നം റോഡില്‍ കൂരാലി മുതല്‍ ഇളങ്ങുളം എസ്.എന്‍.ഡി.പി വരയുള്ള ഭാഗത്തും
അപകടങ്ങള്‍ പതിവാണ്. എന്നാല്‍ സ്ഥിരമായ അപകട സാധ്യതാ മേഖലകളില്‍ വേഗനിയന്ത്രണ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സിഗ്നല്‍ ലൈറ്റുകളോ ഇല്ലെന്നതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.