തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണത്തിനായി ചൈനീസ് കപ്പലില്‍ കൊണ്ടുവന്ന ക്രെയിനുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇറക്കാനായില്ല. കപ്പല്‍ ജീവനക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതാണ് പ്രധാന കാരണം. ക്യാപ്ടന്‍ ഉള്‍പ്പെടെ കപ്പലിലെ 30 ജീവനക്കാരും ചൈനക്കാരാണ്. ക്രെയിന്‍ ഇറക്കാന്‍ ഇവരുടെ സഹായം കൂടി വേണം.
എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് കപ്പലില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല. ക്രെയിന്‍ നിര്‍മ്മിച്ച കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാരും തുറമുഖത്തെത്തിയിട്ടുണ്ട്. കാലാവസ്ഥയാണ് ക്രെയിന്‍ ഇറക്കുന്നതിലെ മറ്റൊരു ഘടകം. എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് ക്രെയിനുകള്‍ ഇറക്കാനുള്ള തയ്യാറെടുപ്പുകള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കിയിരുന്നു.
വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവ 15 ന് ഗംഭീര സ്വീകരണമാണ് നല്‍കിയത്. വാട്ടര്‍ സല്യൂട്ടോടെയാണ് കപ്പല്‍ തുറമുഖത്ത് അടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കിയത്.
അതേസമയം വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ അടുത്തപ്പോള്‍ 30 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. ഇവിടെ എത്തിച്ച ക്രെയിനുകളുടെ വിലയുടെ പതിനെട്ട് ശതമാനം ജിഎസ്ടി എന്ന നിലയ്ക്കാണ് ഇത്രയും വരുമാനം ലഭിച്ചത്. സര്‍ക്കാര്‍ ഇന്നലെ തന്നെ 30 കോടി രൂപ നികുതി ഇനത്തില്‍ ട്രഷറിയില്‍ അടയ്ക്കുകയും ചെയ്തു.