കാർട്ടൂം - സുഡാൻ: അമേരിക്കൻ മധ്യസ്ഥതയിൽ ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധത്തിലേർപ്പെടുന്ന “അബ്രഹാം ഉടമ്പടിയിൽ “ സുഡാൻ ഒപ്പുവച്ചു . യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിന്റെ സാന്നിദ്ധ്യത്തിൽ സുഡാൻ നീതിന്യായ മന്ത്രി നസ്രദീൻ അബ്ദുൾബാരി സുഡാൻ തലസ്ഥാനമായ കാർട്ടൂമിൽ വച്ച് രേഖയിൽ ഒപ്പിട്ടു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെയും ബഹ്‌റൈനിനെയും പിന്തുടർന്ന് മൊറോക്കോയ്ക്ക് മുൻപ് ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കരാറുകളിൽ ഒപ്പുവെക്കാൻ സമ്മതിച്ച നാല് രാജ്യങ്ങളിൽ മൂന്നാമതായി സുഡാൻ മാറി. കഴിഞ്ഞ മാസം യുഎസിന്റെ തീവ്രവാദ - സ്‌പോൺസർമാരുടെ പട്ടികയിൽ നിന്ന് സുഡാനെ നീക്കംചെയ്തിരുന്നു. 60 ബില്യൺ ഡോളറിലധികം വിദേശ കടമുള്ള ആഫ്രിക്കൻ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വീണ്ടെടുക്കലിനുള്ള മറ്റൊരു പടിയായി സുഡാന്റെ ലോക ബാങ്ക് കടവും മ്യുചിൻ സന്ദർശനത്തിനിടെ തീർപ്പാക്കി.
2020 ഫെബ്രുവരിയിൽ സുഡാനിലെ സോവർജിനിറ്റി കൗൺസിൽ നേതാവ് അബ്ദുൽ ഫത്താഹ് അൽ ബർഹാൻ ഉഗാണ്ടയിൽ പ്രധാനമന്ത്രി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അബ്രഹാം ഉടമ്പടിയിൽ ചേരുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള സർക്കാർ തീരുമാനം സുഡാനിലെ തീവ്ര സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികൾ നിരസിച്ചു, കരാറിനെതിരെ പ്രതിപക്ഷ മുന്നണി രൂപീകരിക്കുമെന്ന് അവർ അറിയിച്ചു.
1990 കളിൽ ജോർദാനും 1970 കളിൽ ഈജിപ്തും ഇസ്രായേലിനെ അംഗീകരിച്ചതിനുശേഷം ട്രംപിന്റെ നേതൃത്വത്തിൽ നടന്ന സമാധാനശ്രമങ്ങളുടെ ഫലമായാണ് അബ്രഹാം ഉടമ്പടിയുടെ ഭാഗമായി നാലു അറബ് രാജ്യങ്ങൾ ഇസ്രായേലിനെ അംഗീകരിക്കുന്നത് . അറബ് ഇസ്രായേൽ സമാധാനത്തിനു ട്രംപ് ഭരണകൂടം നൽകിയ സംഭാവനയാണ് അബ്രഹാം ഉടമ്പടി. എന്നാൽ ഈ ഉടമ്പടിയിലൂടെ പലസ്തീനികൾ കൂടുതൽ ഒറ്റപ്പെടുന്നു എന്ന ആരോപണം പല അറബ് രാഷ്ട്രീയ കക്ഷികളും ഉന്നയിക്കുന്നു.