ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാന്‍ അനുമതി

ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാന്‍ അനുമതി

തിരുവനന്തപുരം: തുറമുഖത്തേക്കുളള ക്രെയിനുകളുമായി വിഴിഞ്ഞത്ത് എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചു. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ രണ്ട് ജീവനക്കാര്‍ക്കാണ് കരയിലിറങ്ങുന്നതിന് ആദ്യം അനുമതി ലഭിച്ചത്. രണ്ട് പേര്‍ക്കും പിന്നീട് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായുള്ള വിവരം അധികൃതര്‍ അറിയിക്കുകയായിരുന്നു. കരയിലിറങ്ങാന്‍ എഫ്.എഫ്.ആര്‍.ഒയാണ് അനുമതി നല്‍കിയത്.

ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി ലഭിച്ച കാര്യം മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് അറിയിച്ചത്. ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍ നിന്ന് ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി ലഭിക്കാതിരുന്നതിനാല്‍ കപ്പലിന് സ്വീകരണം നല്‍കി നാല് ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല.

സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്നും കാലാവസ്ഥ അനുകൂലമായാല്‍ കപ്പലില്‍ നിന്ന് ക്രെയിന്‍ ബര്‍ത്തില്‍ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ 15നാണ് വിഴിഞ്ഞത്ത് ഷെന്‍ ഹുവ 15 ന് വരവേല്‍പ്പ് നല്‍കിയത്. തിങ്കളാഴ്ച മുതല്‍ കപ്പലില്‍ നിന്ന് ക്രെയിനുകള്‍ ഇറക്കാനുള്ള ജോലി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ജീവനക്കാര്‍ക്ക് ഇറങ്ങാനുള്ള അനുവാദം ലഭ്യമാകാതിരുന്നതിനാലാണ് ക്രെയിനുകള്‍ ഇറക്കാനുള്ള ജോലിയും വൈകിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.