വാഷിങ്ടൺ : യു എസ് പാർലമെന്റിൽ ആക്രമണം അഴിച്ചുവിട്ട ട്രംപ് അനുകൂലികളുടെ നടപടിയെ ശക്തമായി വിമർശിച്ചു അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാർ രംഗത്തെത്തി. ബുധനാഴ്ച നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു എസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചത്. നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തെത്തുടർന്ന് പാർലമെന്റ് സ്തംഭിച്ചിരുന്നു. അക്രമത്തിൽ നിന്ന് പിന്തിരിയണമെന്ന് ട്രംപ് തന്നെ നേരിട്ട് തന്റെ അനുയായികളോട് അഭ്യർത്ഥിച്ചിരുന്നു.
അമേരിക്കൻ ഐക്യനാടുകളുടെ തലസ്ഥാനത്തു നടന്ന ഈ അക്രമസംഭവത്തെ അപലപിക്കുന്ന നല്ല മനുഷ്യരോടൊപ്പം താനും പങ്കുചേരുകയാണെന്നു അമേരിക്കയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനായ ലോസ് ആഞ്ചേലസ് മെത്രാപ്പോലീത്ത ജോസ് ഗോമസ് പറഞ്ഞു. "അമേരിക്കക്കാർ എന്ന നിലയിൽ നമ്മൾ ഇങ്ങനെ ആയിരുന്നില്ല. കോൺഗ്രസ് അംഗങ്ങൾ, പാർലമെന്റ് മന്ദിരത്തിലെ ഉദ്യോഗസ്ഥർ, പോലീസ് എന്നിവരോടൊപ്പം ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പരിശ്രമിക്കുന്ന എല്ലാവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുകയാണ്". മെത്രപൊലീത്ത തുടർന്നു. "സമാധാനപൂർണമായ അധികാര കൈമാറ്റം ഈ മഹാ രാജ്യത്തിൻറെ മുഖമുദ്ര ആയിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ജനാധിപത്യത്തിന്റെ മൂല്യങ്ങൾക്കും ചട്ടങ്ങൾക്കും വേണ്ടി പുനരപ്പണം ചെയ്തു നമ്മൾ ദൈവത്തിന്റെ കീഴിൽ ഒരൊറ്റ ജനതയായി ഒരുമിച്ചു നിൽക്കണം."
ജോസ് ഗോമസ് മെത്രാപ്പോലീത്ത അമേരിക്കയെ കന്യക മറിയത്തിന്റെ വിമല ഹൃദയത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. സാൻഫ്രാൻസിസ്‌കോയിലെ മെത്രാപ്പോലീത്തയായ സാൽവത്തോർ കോർഡിലിയോൺ പ്രതിഷേധ കുറിപ്പിറക്കി." ജനാധിപത്യം അപകടത്തിലാണെന്ന് കാണിക്കാൻ പാർലമെന്റ് മന്ദിരം ആക്രമിക്കുന്നത് തെറ്റും വിപരീതഫലം ഉളവാക്കുന്നതുമാണ്. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പല്ല നടന്നതെന്ന ഭയാശങ്കകൾ ജനാധിപത്യ സ്ഥാപനങ്ങൾക്കുനേരെ നടത്തുന്ന അക്രമം കൊണ്ട് പരിഹരിക്കാവുന്നതല്ല." മെത്രാപോലീത്ത പറഞ്ഞു.
മെത്രാൻസമിതിയുടെ ട്വിറ്റെർ അക്കൗണ്ടിൽ, "സമാധാനത്തിന്റെ ദൈവമായ കർത്താവെ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!" എന്ന് കുറിച്ചു. അതോടൊപ്പം തന്നെ അമലോത്ഭവ മാതാവിന്റെ ബസിലിക്കയിൽ നിന്നും രാജ്യത്തിൻറെ സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥന പ്രക്ഷേപണം ചെയ്യുകയും ചെയ്തു.
അമേരിക്കയിലെ വലിയൊരു വിഭാഗം കത്തോലിക്കർ വിശ്വാസ അനുകൂല നിലപാടെടുക്കുന്ന ട്രംപിനോടൊപ്പം ചുവടുറപ്പിച്ചിരുന്നതായി ആണ് മുൻ റിപ്പോർട്ടുകൾ. കത്തോലിക്കാനായ ജോ ബൈഡൻ ചിലരെയൊക്കെ സ്വാധീനിച്ചിരുന്നെങ്കിലും പൊതുവെ ട്രംപിന് അനുകൂലമായി നിലപാടെടുത്ത സഭാനേതാക്കന്മാരുടെ പ്രസ്താവനകൾ ഇലെക്ഷൻ സമയത്തു പുറത്തു വന്നിരുന്നു. ആർക്ക് വോട്ടു ചെയ്യണം എന്ന് പരസ്യമായി പറയുന്നതിന് താൻ എതിരാണെന്ന് പ്രഖ്യാപിച്ച ജോസ് ഗോമസ് മെത്രപൊലീത്ത പക്ഷെ അബോർഷൻ അനുകൂല നിലപാടുകൾക്കെതിരെ തുടരെ തുടരെ പ്രസ്താവനകൾ ഇറക്കിയിരുന്നു. അബോർഷനെ അനുകൂലിച്ചതിന്റെ പേരിൽ ജോ ബൈഡനു വിശുദ്ധകുർബാന നിഷേധിച്ച സംഭവും ഉണ്ടായിരുന്നു. എന്തൊക്കെയാണെങ്കിലും അക്രമത്തിലൂടെയും ജനാധിപത്യ ധ്വംസനത്തിലൂടെയും ആഗ്രഹങ്ങൾ നിവർത്തിക്കുന്ന നിലപാടുകൾക്കെതിരാണ് കത്തോലിക്കാ സഭയെന്നു അമേരിക്കൻ മെത്രാന്മാർ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ കാവലാളാകുന്ന സഭാ നിലപാടുകൾക്ക് അമേരിക്കയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്.