ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കാണാതായ പാസഞ്ചര്‍ വിമാനം കടലില്‍ വീണതെന്ന് സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളും രണ്ട് മൃതദേഹങ്ങളും രാവിലെ ലഭിച്ചെന്ന് പോലീസ് വക്താവ് യൂസ്രി യൂനിസ് മാധ്യമങ്ങളോട് പറഞ്ഞു. ജക്കാര്‍ത്ത തീരത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക് പുറപ്പെട്ട ശ്രീവിജയ എയര്‍ലെെന്‍സിന്റെ എസ്.ജെ 182 വിമാനം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കാണാതായത്.
പറന്നുയര്‍ന്ന് പതിനായിരം അടി മുകളിലെത്തി മിനിട്ടുകള്‍ക്ക് ഉള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. വിമാനത്തില്‍ 56 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം കടലില്‍ വിമാനത്തിനായുള്ള തിരച്ചില്‍ തുടരുകയാണ് എന്ന് ഇന്തോനേഷ്യയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു.