തിരുവനന്തപുരം: അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായും
തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്.
കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ അന്നേ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്ക് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടക്കം ദുര്‍ബലമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്.