രജിസ്‌ട്രേഷന്‍ ലഭിക്കും മുമ്പ് വീണ എങ്ങനെ ജിഎസ്ടി അടച്ചു? ധന വകുപ്പിന്റേത് ക്യാപ്സൂള്‍ മാത്രം; മാപ്പ് പറയേണ്ടത് ധനമന്ത്രിയെന്ന് കുഴല്‍നാടന്‍

രജിസ്‌ട്രേഷന്‍ ലഭിക്കും മുമ്പ് വീണ എങ്ങനെ ജിഎസ്ടി അടച്ചു? ധന വകുപ്പിന്റേത് ക്യാപ്സൂള്‍ മാത്രം; മാപ്പ് പറയേണ്ടത് ധനമന്ത്രിയെന്ന്  കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും മാപ്പ് പറയണമെന്നുമുള്ള സിപിഎം ആവശ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. നികുതിയടച്ചോ ഇല്ലയോ എന്നതല്ല, മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് പ്രധാന വിഷയമെന്നും മാത്യു കുഴല്‍നാടന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചോദിച്ച ചോദ്യത്തിനല്ല മറുപടി നല്‍കിയത്. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണം. ധനവകുപ്പ് പുറത്ത് വിട്ടത് കത്തല്ല, കാപ്സ്യൂള്‍ മാത്രമാണെന്നും മാപ്പ് പറയേണ്ടത് ധനമന്ത്രിയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഒരു സേവനവും നല്‍കാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് പണം നല്‍കിയെന്നതാണ് പ്രധാന വിഷയം. സേവനം നല്‍കാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റാണ്. ജിഎസ്ടി ചര്‍ച്ചയാക്കി സിപിഎം വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

കൈപ്പറ്റിയ തുകയ്ക്ക് ജിഎസ് ടി അടച്ചിട്ടുണ്ടോ എന്നതായിരുന്നു തന്റെ ചോദ്യം. ധനവകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ മാപ്പ് പറയണമെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍ ആവശ്യപ്പെടുന്നത്. എ.കെ ബാലന്‍ പറയുന്ന ധനവകുപ്പിന്റെ കത്ത് എനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സിഎംആര്‍എല്‍ എന്ന കമ്പനി എക്സാലോജിക്കുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടുവെന്ന് കത്തിലുണ്ട്. മൂന്ന് ലക്ഷം രൂപ മാസം ലഭിക്കുന്ന രീതിയില്‍ 2017 മാര്‍ച്ച് രണ്ടിനാണ് സിഎംആര്‍എല്‍ കമ്പനി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി കരാര്‍ ഒപ്പിട്ടത്. 2017 ജനുവരി ഒന്നു മുതല്‍ അഞ്ച് ലക്ഷം മാസം നല്‍കുന്ന തരത്തില്‍ വീണാ വിജയനുമായി മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്.

എക്സാലോജിക്കിന് 2017 ജൂലൈ ഒന്നു മുതലാണ് ജിഎസ്ടി രജിസ്ട്രേഷന്‍ ലഭിക്കുന്നത്. ഇതിനു മുന്‍പ് വീണാ വിജയനും കമ്പനിയും സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്ട്രേഷന്‍ ഇല്ലാതെയാണ്. വീണയ്ക്ക് ജിഎസ്ടി അടയ്ക്കാന്‍ കഴിയുക 2018 ജനുവരി 17 മുതല്‍ മാത്രമാണ്.

അപ്പോള്‍ ഈ കരാര്‍ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും? ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകും? 1.72 കോടി രൂപയ്ക്ക് നികുതി അടച്ചെന്ന് കത്തില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.