കൊച്ചി: മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ വന്‍ അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്തെന്നും ചില മരുന്നുകള്‍ പരിശോധിച്ചിട്ടില്ലെന്നും അദേഹം ആരോപിച്ചു.
ഗുണനിലവാര പരിശോധനയില്‍ ഗുരുതരമായ അലംഭാവമാണ്. ചാത്തന്‍ മരുന്നുകള്‍ സുലഭമായിരിക്കുകയാണ്. ഇത്തരം മരുന്നുകള്‍ വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വിണ ജോര്‍ജും അംഗീകാരം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇരുപത്തിയാറ് ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തു. 483 ആശുപത്രികളിലേക്ക് നിലവാരം ഇല്ലാത്തതിനാല്‍ വിതരണം മരവിപ്പിച്ച മരുന്നുകളും 148 ആശുപത്രികളിലേക്ക് വിതരണം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ട മരുന്നുകളുമാണ് വിതരണം ചെയ്തത്.
കാലാവധി പൂര്‍ത്തിയായ മരുന്നുകള്‍ സമയം കഴിഞ്ഞാല്‍ കമ്പനികള്‍ക്ക് വില്‍ക്കാനാവില്ല. ആ മരുന്നുകള്‍ മാര്‍ക്കറ്റ് വിലയുടെ പത്ത് ശതമാനം നല്‍കി വാങ്ങി വില്‍ക്കുകയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ചെയ്തത്. ബാക്കി 90 ശതമാനം കമ്മീഷനാണെന്നും സതീശന്‍ പറഞ്ഞു.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ കോടികണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. 46 മരുന്നുകള്‍ക്ക് ഒരു ഗുണനിലവാരവും പരിശോധിച്ചില്ല. 14 വിതരണക്കാരുടെ ഒറ്റ മരുന്നുപോലും പരിശോധിച്ചില്ല. ഏത് ചാത്തന്‍ മരുന്നും നല്‍കുന്ന രീതിയാണ് ഇവിടെയുള്ളത്.
മരുന്ന് കൊളളയില്‍ മുഖ്യമന്ത്രി പ്രതികരിക്കണം. 1610 ബാച്ച് മരുന്നുകള്‍ക്ക് കാലാവധി നിബന്ധന പാലിക്കപ്പെട്ടില്ല. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണംമെന്നും അദേഹം ആരോപിച്ചു.
മാസപ്പടി വിവാദത്തില്‍ ഇ.ഡി അന്വേഷണം നടന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇടപെട്ടതെന്ന് വ്യക്തമാക്കിയ വി.ഡി സതീശന്‍ കള്ളപ്പണം വെളിപ്പിച്ചെന്ന വിഷയമാണ് പ്രധാനമെന്നും പറഞ്ഞു.