ആരാധകര്‍ ഒഴുകിയെത്തി; കേരളത്തിലെത്തിയ സംവിധായകന്‍ ലോകേഷ് കനക രാജിന് പരിക്ക്

 ആരാധകര്‍ ഒഴുകിയെത്തി; കേരളത്തിലെത്തിയ സംവിധായകന്‍ ലോകേഷ് കനക രാജിന് പരിക്ക്

പാലക്കാട്: ലിയോ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് തിരക്കിനിടയില്‍പ്പെട്ട് പരിക്ക്. പാലക്കാട് അരോമ തീയേറ്ററിലാണ് സംവിധായകനെ കാണാന്‍ ആരാധകര്‍ ഒഴുകിയെത്തിയത്. പ്രേക്ഷകരുടെ തിക്കിലും തിരക്കിലും പെട്ട് ലോകേഷിന്റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു.

ആരാധകര്‍ അതിരുകടന്ന് എത്തിയതോടെ പൊലീസിന് ലാത്തി വീശേണ്ടി വന്നു. കാലിന് പരിക്കേറ്റതോടെ ലോകേഷിന്റെ മറ്റ് പരിപാടികള്‍ റദ്ദാക്കി മടങ്ങുകയായിരുന്നു. തൃശൂര്‍ രാഗം തീയേറ്ററിലും കൊച്ചി കവിത തീയേറ്ററിലും സന്ദര്‍ശനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. കൊച്ചിയില്‍ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചെന്നും ലോകേഷ് അറിയിച്ചു.

അതേസമയം കേരളത്തില്‍ 600 ല്‍ കൂടുതല്‍ സ്‌ക്രീനുകളിലാണ് ലിയോ പ്രദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് കളക്ഷനാണ് കേരളത്തിലെ തീയേറ്ററില്‍ നിന്ന് സ്വന്തമാക്കിയത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പന്‍ താര നിരയുണ്ട് ചിത്രത്തില്‍. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം.

ഛായാഗ്രഹണം മനോജ് പരമഹംസ, ആക്ഷന്‍ അന്‍പറിവ്, എഡിറ്റിങ് ഫിലോമിന്‍ രാജ്, സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ശ്രീഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.