ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ ഒന്നാമത്തെ ഷട്ടറാണ് ഉയര്‍ത്തിയത്. കല്ലാര്‍ പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കേരള-തമിവ്‌നാട് അതിര്‍ത്തി മേഖലകളില്‍ ഇന്നലെ രാത്രിയും അതിശക്തമായ മഴ തുടര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് ചേറ്റുകുഴി-കമ്പം മേട്ട് റോഡിലും ചേറ്റുകുഴി-കൂട്ടാര്‍ റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തിപ്പെടുകയാണ്. ഈ മാസം 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മലയോരമേഖലകളില്‍ താമസിക്കുന്നവരും തീരപ്രദേശത്തുള്ളവരും അതീവ ജാഗ്രത പാലിക്കണം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഹമൂണ്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ഇന്ന് ബംഗ്ലാദേശ് തീരം തൊടും.