കൊച്ചി: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി രാഹുല്‍.ഡി നായര്‍ (24) മരിച്ചു. ഭക്ഷ്യ വിഷബാധയാണെന്നാണ് സംശയം.
ഭക്ഷ്യ വിഷബാധയാണോ എന്ന് കണ്ടെത്താന്‍ യുവാവിന്റെ രക്ത സാമ്പിള്‍ വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭ്യമായിട്ടില്ല. പരിശോധനാ ഫലം ലഭിച്ച ശേഷമേ ഭക്ഷ്യ വിഷബാധ സ്ഥിരീകരിക്കാനാകൂവെന്നാണ് പൊലീസ് അറിയിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു രാഹുല്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നാണ് മരണം സംഭവിച്ചത്. കൊച്ചി സെസിലെ ജീവനക്കാരനാണ്.
പാഴ്‌സലായി വാങ്ങിയ ഷവര്‍മയും മയോണൈസും അടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ച ശേഷം രാഹുലിന് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടു. അപ്പോള്‍ തന്നെ ചികിത്സ തേടുകയും താമസസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ വീണ്ടും അവശ നിലയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മാവേലിപുരം ലേ ഹയാത്ത് ഹോട്ടല്‍ പൊലീസ് അടപ്പിച്ചിരുന്നു.
കോട്ടയം തീക്കോയി മനക്കാട്ട് വീട്ടില്‍ റിട്ട. കെ.എസ്.ഇ.ബി ഓവര്‍സിയറും കെ.ടി.യു.സി (എം) പാലാ ടൗണ്‍ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയില്‍ കെ.കെ.ദിവാകരന്‍ നായരുടെയും എം.പി.സില്‍വിയുടെയും മകനാണ്. കാര്‍ത്തിക്, ഭവ്യ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം പിന്നീട്.