അഴിമതിയും കെടുകാര്യസ്ഥതയും: ശിശുക്ഷേമ സമിതിയുടെ രക്ഷാധികാരി സ്ഥാനം ഗവര്‍ണര്‍ ഒഴിഞ്ഞു

അഴിമതിയും കെടുകാര്യസ്ഥതയും: ശിശുക്ഷേമ സമിതിയുടെ രക്ഷാധികാരി സ്ഥാനം ഗവര്‍ണര്‍ ഒഴിഞ്ഞു

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ രക്ഷാധികാരി സ്ഥാനത്തു നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിവായി. സാമ്പത്തിക ക്രമക്കേടുകളടക്കം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.

പദവി ഒഴിഞ്ഞ ശേഷവും സമിതിയുടെ വെബ്‌സൈറ്റില്‍ താനാണ് രക്ഷാധികാരിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഉടന്‍ നീക്കം ചെയ്യണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ഇതോടെ സമിതിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഗവര്‍ണറുടെ ചിത്രം ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രസിഡന്റ്. മന്ത്രി വീണാജോര്‍ജ്ജ് വൈസ് പ്രസിഡന്റും.

അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയതടക്കം വിവാദങ്ങളില്‍ ശിശുക്ഷേമ സമിതി കുരുങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം, സമിതിയുടെ രക്ഷാധികാരി സ്ഥാനമൊഴിയാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത്. തുടര്‍ന്ന് രണ്ടു മാസം മുമ്പ് സമിതിയുടെ രക്ഷാധികാരി സ്ഥാനം ഗവര്‍ണര്‍ ഒഴിഞ്ഞിരുന്നു. എന്നിട്ടും ചിത്രവും വിവരങ്ങളും രക്ഷാധികാരിയെന്ന പേരില്‍ വെബ്‌സൈറ്റിലുള്‍പ്പെടുത്തിയിരുന്നു. രൂക്ഷമായ ഭാഷയില്‍ ഉടന്‍ നടപടിയെടുക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.