മലപ്പുറം: കാലപ്പഴക്കം കാരണം ദ്രവിച്ച ആധാരം നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് ഉടമയെ അനുവദിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ്. മുണ്ടുപറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1954ലെ ആധാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടല്‍.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു ഡിവിഷണല്‍ ഓഫീസില്‍ നിന്നും ഫെയര്‍വാല്യു ഗസറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന തൃശൂര്‍ ആളൂര്‍ മറ്റം സ്വദേശിയുടെ അപേക്ഷയില്‍ ലഭ്യമാക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.
കാലപ്പഴക്കത്താല്‍ കടലാസുകള്‍ ദ്രവിച്ച് പൊടിഞ്ഞുപോയി എന്നാണ് സബ് രജിസ്ട്രാര്‍ ഓഫീസര്‍ അപേക്ഷകന് മറുപടി നല്‍കിയത്. എന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ലെന്ന് കാണിച്ച് അപേക്ഷകന്‍ കമ്മീഷനെ സമീപിച്ചു. പരാതി പരിഗണിച്ച കമ്മീഷന്‍ ആധാരത്തിന്റെ നിലവിലെ അവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് അപേക്ഷനെ അനുവദിക്കാനും ലഭ്യമാകുന്ന രേഖകള്‍ സൗജന്യമായി നല്‍കാനും ഉത്തരവിടുകയായിരുന്നു.
ഓഫീസില്‍ സൂക്ഷിക്കേണ്ട രേഖയായതിനാല്‍ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കാനാവില്ലെന്നും വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ അന്വേഷിച്ച് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്നുമാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.