'തല്ല് ഇന്ന് തന്നെ നിര്‍ത്തിക്കോണം; ഇതൊരു ഭീഷണിയായി കണ്ടോളൂ': വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വി.ഡി സതീശന്റെ പരസ്യ ശാസന

'തല്ല് ഇന്ന്  തന്നെ  നിര്‍ത്തിക്കോണം; ഇതൊരു ഭീഷണിയായി കണ്ടോളൂ': വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വി.ഡി സതീശന്റെ പരസ്യ ശാസന

കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നതക്കെതിരെ പരസ്യ ശാസനയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കോണ്‍ഗ്രസ് വയനാട് ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിച്ച അദേഹം, തല്ല് ഇന്ന് തന്നെ നിര്‍ത്തിക്കോണമെന്ന് താക്കീത് നല്‍കി. സദസില്‍ ഉള്ളവരോടല്ല, മറിച്ച് വേദിയില്‍ ഇരിക്കുന്നവരോടാണ് താന്‍ ഇത് പറയുന്നതെന്നും ഇതൊരു ഭീഷണിയായി തന്നെ കണ്ടോളൂവെന്നും സതീശന്‍ പറഞ്ഞു.

സ്വന്തം ബൂത്ത് കമ്മറ്റി ഉണ്ടാക്കാത്ത നേതാക്കളെ ചോദ്യം ചെയ്യണമെന്നും അല്ലെങ്കില്‍ ഒന്ന് കളിയാക്കണമെന്നും ആവശ്യപ്പെട്ട വി.ഡി സതീശന്‍, എന്നാലേ ഈ നേതാക്കള്‍ പഠിക്കൂവെന്നും പറഞ്ഞു.

നേതാക്കള്‍ എല്ലാ വിയോജിപ്പും മാറ്റിവച്ച് സ്‌നേഹത്തോടെ ഇടപഴകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞ സ്‌നേഹത്തിന്റെ കട പ്രയോഗം ആദ്യം മനസില്‍ വേണമെന്നും അദേഹം നേതാക്കളെ ഓര്‍മിപ്പിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ ഉണ്ടാക്കാനാണ് നോക്കേണ്ടത്, അധികാരം കയ്യാളാനല്ല. നിങ്ങളെ കോണ്‍ഗ്രസില്‍ നിര്‍ത്തുന്ന താല്‍പര്യം എന്താണെന്ന് ചോദിച്ച കെപിസിസി പ്രസിഡന്റ് വ്യക്തി താല്‍പര്യമാണോ അല്ല രാഷ്ട്രീയ താല്‍പര്യമാണോ അതെന്നും ചോദിച്ചു.

പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തില്‍ കൂടുതലാക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും തീരുമാനം എടുക്കണം. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം മാതൃകയാക്കണം. അവര്‍ ആത്മ സമര്‍പ്പണം നടത്തിയാണ് ഭരണം പിടിച്ചത്. കേരളത്തിലും അതുണ്ടാകണം.

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ അടി തുടരുന്നതിനിടെയാണ് വയനാട്ടിലും നേതാക്കള്‍ പരസ്പരം പോരടിക്കുന്നത്. ഈ രണ്ട് ജില്ലകളും ഉള്‍പ്പെടുന്നതാണ് രാഹുല്‍ ഗാന്ധി എംപിയായുള്ള വയനാട് ലോക്‌സഭാ മണ്ഡലം. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നേതാക്കള്‍ക്കിടയിലെ പോര് രണ്ട് ജില്ലകളിലും കോണ്‍ഗ്രസിന് തലവേദനയായി മാറിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.