കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പിണറായി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കേരള ജനത തള്ളിക്കളഞ്ഞ പദ്ധതിയാണ് സില്‍വര്‍ ലൈനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാടപ്പള്ളി സമരപ്പന്തലില്‍ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടാണ് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തിയത്.
അതേസമയം കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ ഉയരുന്ന തങ്കമ്മയുടെ വീട് സില്‍വര്‍ ലൈന്‍ വിരുദ്ധ സമര സ്മാരകമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി ഒറ്റമുറി കൂരയുടെ മുറ്റത്തെ അടുപ്പ് കല്ലിളക്കി മഞ്ഞക്കുറ്റിയിട്ടതിലൂടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ട തങ്കമ്മയ്ക്ക് സമരസമിതി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിച്ച കെ റെയില്‍ മഞ്ഞക്കുറ്റികള്‍ നാട്ടുകാര്‍ പിഴുതു മാറ്റിയിരുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ സ്മാരകമായി നിലനിര്‍ത്തിയിരുന്ന അടുപ്പിലെ മഞ്ഞകുറ്റി രമേശ് ചെന്നിത്തല എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ പിഴുതുമാറ്റുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം സഹപ്രവര്‍ത്തകരുമായി ഇവിടെയെത്തിയ മന്ത്രി സജി ചെറിയാന്‍ ഈ മഞ്ഞ കുറ്റി അടുപ്പില്‍ തന്നെ പുനസ്ഥാപിച്ചു. തങ്കമ്മക്ക് വേറെ നല്ല വീട് നിര്‍മിച്ചു നല്‍കും എന്ന് വാഗ്ദാനം കൂടി നല്‍കിയാണ് മന്ത്രി മടങ്ങിയത്.
ഒരു വര്‍ഷത്തിലേറെയായിട്ടും മന്ത്രിയുടെ യാതൊരുവിധ ഇടപെടലും ഉണ്ടായില്ല. ഇതു മനസിലാക്കിയാണ് സമരസമിതി ഭവന നിര്‍മാണത്തിന് മുന്‍കൈയെടുത്തത്. കെ റെയില്‍ കുറ്റിയിട്ട സ്ഥലത്ത് ഭവനം നിര്‍മിക്കാന്‍ കഴിയില്ലെന്നും മറ്റൊരു സ്ഥലം കണ്ടെത്തിയാല്‍ അവിടെ തന്റെ ട്രസ്റ്റ് മുഖേന വീട് നിര്‍മിച്ച് നല്‍കും എന്നുമാണ് ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്.