തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലൂടെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അവസാന പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.
കൂടുതല്‍ പരിശോധനകള്‍ക്കായി തിരഞ്ഞെടുപ്പ് ഓഫീസര്‍ വെബ്സൈറ്റിലും, താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍
ഓഫീസര്‍മാരുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി പരിശോധന നടത്താനും കഴിയും. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനും ഉള്ള അവസരം ലഭിക്കും. കൂടാതെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ക്കും 17 വയസ് തികഞ്ഞവര്‍ക്ക് മുന്‍കൂറായും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ട്.
കരട് പട്ടികയിന്മേലുള്ള തെറ്റുകുറ്റങ്ങളും തിരുത്തലുകളും ഡിസംബര്‍ ഒന്‍പത് വരെ സമര്‍പ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പുതുക്കിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 25,177 പോളിങ് സ്റ്റേഷനുകള്‍ ഉണ്ട്. ഇതില്‍ ആകെ 2,68,54,195 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1,38,57,099 സ്ത്രീ വോട്ടര്‍മാര്‍, 1,29,96,828 പുരുക്ഷ വോട്ടര്‍മാര്‍, എന്നിങ്ങനെയാണ് ഉള്ളത്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. ഏറ്റവും കുറവ് വോട്ടര്‍മാര്‍ ഉള്ളത് വയനാട് ജില്ലയിലാണ്. വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.